വെനിസ്വേലയിൽ യു.എസ് അധിനിവേശം
text_fieldsഡോണൾഡ് ട്രംപ്, നികളസ് മദുറോ
കറാക്കസ്: മാസങ്ങളായി തുടരുന്ന സമ്മർദങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ വെനിസ്വേലയിൽ കടന്നു കയറി യു.എസ് സേന. തലസ്ഥാനമായ കറാക്കസിൽ ആക്രമണം നടത്തിയ യു.എസ്, വെനിസ്വേല പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ബന്ദിയാക്കി കൊണ്ടുപോയി.
ഇരുവരെയും കാണാനില്ലെന്നും ജീവനോടെയുണ്ടെന്ന് തെളിയിക്കണമെന്നും വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്വസ് പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച വെനിസ്വേല സർക്കാർ, ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. തുടക്കത്തിൽ വ്യോമാക്രമണം നടത്തിയ യു.എസ് സേന, പിന്നീട് പകൽ വെളിച്ചത്തിൽ കരയാക്രമണം നടത്തി.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് യു.എസ് അധിനിവേശമുണ്ടായത്. പിന്നീട്, തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തുകയായിരുന്നു. സാധാരണക്കാരെയും സൈന്യത്തെയും യു.എസ് ആക്രമിച്ചെന്നും പലതവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറാക്കസ് നിവാസികൾ പറഞ്ഞു.
ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിവരമില്ല. അതേസമയം, ആക്രമണം ‘വിജയകരമായിരുന്നെന്ന്’ ട്രംപ് പറഞ്ഞു. അതിശക്തമായ കരയാക്രമണം തുടരുകയാണെന്ന് ട്രംപ് അറിയിച്ചു. വെനിസ്വേലയിലേക്ക് യാത്രചെയ്യരുതെന്നും അവിടെയുള്ളവർ അഭയകേന്ദ്രത്തിലേക്ക് മാറണമെന്നും യു.എസ് അധികൃതർ സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. വെനിസ്വേലക്കെതിരെ യു.എസിന്റെ സായുധ അധിനിവേശമാണുണ്ടായതെന്നും ന്യായീകരിക്കാനാകാത്ത നടപടിയെ അപലപിക്കുന്നതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ കറാക്കസിൽ ഏഴിടത്ത് സ്ഫോടന ശബ്ദം കേട്ടതോടെ, ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. അര മണിക്കൂർ മാത്രമാണ് ആ സമയത്ത് ആക്രമണം നീണ്ടത്. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു. അയൽരാജ്യമായ വെനിസ്വേലയിൽ നിന്ന് ആക്രമണത്തെ തുടർന്ന് ഒഴുകുന്ന അഭയാർഥികളെ സ്വീകരിക്കാൻ സജ്ജമാണെന്ന് ട്രംപിന്റെ കടുത്ത വിമർശകൻ കൂടിയായ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
എണ്ണയിൽ കണ്ണുവെച്ച്
കറാക്കസ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ യു.എസിന്റെ ഇടപെടൽ കുറച്ചുകാലങ്ങളായി തുടരുകയാണ്. ഹ്യൂഗോ ചാവേസ് പ്രസിഡന്റായ ശേഷം ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് ഭീകരതയെന്ന് ആരോപിച്ചാണ് നിലവിൽ വെനിസ്വേലക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വമ്പത്തരം. സമ്മർദത്തിലൂടെ ഭരണമാറ്റവും എണ്ണയുടെ നിയന്ത്രണവുമാണ് ട്രംപിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് നികളസ് മദുറോ ആരോപിച്ചിരുന്നു.
മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ യു.എസുമായി ധാരണക്ക് തയാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എണ്ണ വ്യാപാരത്തിലും വെനിസ്വേലക്ക് മേൽ സാമ്പത്തിക ഉപരോധമേർപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബർ മുതൽ35 വെനിസ്വേലൻ കപ്പലുകളാണ് യു.എസ് ആക്രമിച്ചത്. 115 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കേ അമേരിക്കൻ കടലിൽ രണ്ടു മാസമായി സർവസജ്ജമായി അധിനിവേശത്തിന് കോപ്പുകൂട്ടുകയായിരുന്നു യു.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

