Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മേഖലയിൽ വീണ്ടും ആശങ്ക കനക്കുന്നു; ഖഷമിൽ അമേരിക്കയുടെ വ്യോമാക്രമണം

text_fields
bookmark_border
ഗൾഫ് മേഖലയിൽ വീണ്ടും ആശങ്ക കനക്കുന്നു; ഖഷമിൽ അമേരിക്കയുടെ വ്യോമാക്രമണം
cancel
camera_alt

ഹുർമുസ് കടലിടുക്കിൽ ഒമാൻ തീരത്ത് എണ്ണക്കപ്പലിന് തീപിടിച്ചപ്പോൾ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്നുള്ള ചിത്രം

തെഹ്റാൻ/വാഷിങ്ടൺ: ഗൾഫ് മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. കുവൈത്ത് വ്യോമാതിർത്തിയിൽ ഡ്രോൺ ആക്രമണങ്ങളെ നേരിട്ടതായി കുവൈത്ത് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായുള്ള സ്ഫോടനശബ്ദങ്ങളാണ് രാജ്യത്ത് കേട്ടതെന്ന് ചൊവ്വാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ സൈന്യം വ്യക്തമാക്കി. പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

ഹുർമുസ് കടലിടുക്കിലെ ഇറാനിയൻ ദ്വീപായ ഖഷ്മിൽ അമേരിക്ക തുടർച്ചയായി നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് കുവൈത്തിൽ ഡ്രോൺ ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബഹ്‌റൈനിലെ യു.എസ് റഡാർ സംവിധാനത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് യുഎസിന്റെ ഈ നടപടി.

ഖഷം ദ്വീപിൽ അഞ്ചോ ആറോ തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു. എന്നാൽ വാണിജ്യ-പാർപ്പിട മേഖലകൾക്ക് യാതൊരുവിധ നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഹുർമോസ്ഗാൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അഹ്മദ് നഫിസി വ്യക്തമാക്കി. യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണപ്രകാരം, ഖഷ്മിലെ ഒരു മിസൈൽ ലോഞ്ചിങ് കേന്ദ്രമാണ് അമേരിക്ക ലക്ഷ്യമിട്ടത്.

ഇറാനിയൻ വ്യോമാതിർത്തി നിരന്തരം ലംഘിക്കുന്നതിനുള്ള മറുപടിയായാണ് ബഹ്‌റൈനിലെ ഷെയ്ഖ് ഈസാ വ്യോമത്താവളത്തിലെ യു.എസ് റഡാറിന് നേരെ കൃത്യതയാർന്ന ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലും പരിസരങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും, വ്യോമ പ്രതിരോധ സംവിധാനം ആക്രമണം വിജയകരമായി തടഞ്ഞതായും ബഹ്‌റൈൻ അധികൃതർ അറിയിച്ചു.

കടലിടുക്ക് വഴി സഞ്ചരിക്കാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾ നാവിക മൈനുകളിൽ തകർന്നതായി ഇറാൻ സൈന്യം അറിയിച്ചു. ഇതിനിടെ, ഒമാൻ തീരത്തിന് സമീപം പനാമൻ പതാകയേന്തിയ ‘താര ഗ്യാസ്’ എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് തീപിടിച്ചു.

കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികർ ഉൾപ്പെടെ 25 പേരും സുരക്ഷിതരാണെന്ന് സുരക്ഷാ ഏജൻസിയായ ‘വാൻഗാർഡ്’ആദ്യം അറിയിച്ചെങ്കിലും, പിന്നീട് കപ്പലിന് വീണ്ടും ആക്രമണം നേരിടേണ്ടി വരികയും ജീവനക്കാർ കപ്പൽ ഉപേക്ഷിക്കുകയും ചെയ്തായി അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായതായി ഇന്ത്യയുടെ തുറമുഖ മന്ത്രി വ്യക്തമാക്കി. ഒമാൻ തീരത്ത് ‘ഓൺ ഫീനിക്സ്’ എന്ന മറ്റൊരു കപ്പലിന് നേരെയും സമാനമായ രീതിയിൽ അജ്ഞാത വസ്തുവിന്റെ ആക്രമണമുണ്ടായി.

മേഖലയിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബൂസൈദിയുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മസ്കത്തിൽ ചർച്ച നടത്തി. ഇതിനിടെ, മൂന്നാമതൊരു യു.എസ് വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റ്’ മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഇറാൻ വിഷയം പ്രധാന അജണ്ടയാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുടെ നിർണായക ത്രിപക്ഷ ഉച്ചകോടി വ്യാഴാഴ്ച ചൈനയിൽ നടക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷം വീണ്ടും കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story