Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാധാനസൂചനകൾക്കിടെ ഇറാനിൽ അമേരിക്കയുടെ രഹസ്യ ആക്രമണം?; ഖശം ദ്വീപിൽ സ്ഫോടന പരമ്പര

text_fields
bookmark_border
സമാധാനസൂചനകൾക്കിടെ ഇറാനിൽ അമേരിക്കയുടെ രഹസ്യ ആക്രമണം?; ഖശം ദ്വീപിൽ സ്ഫോടന പരമ്പര
cancel

വാഷിങ്ടൺ/ തെഹ്റാൻ: ഇറാനിലെ ഖശം ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹുർമുസ് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അമേരിക്കൻ ആക്രമണത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.

ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് നീങ്ങാൻ ആലോചനയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി വ്യക്തമാക്കുകയും നയതന്ത്ര ചർച്ചകളിലൂടെ ധാരണയിലെത്താനുള്ള സാധ്യത സൂചിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ചയാണ് ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനെതിരെ അമേരിക്ക രഹസ്യമായി നടത്തുന്ന പരിമിതമായ സൈനിക നീക്കങ്ങളുടെ ഭാഗമാണ് ഏറ്റവും പുതിയ ആക്രമണമെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പെന്റഗൺ നേരിട്ട് മറുപടി നൽകിയില്ല. വിശദീകരണത്തിനായി ചോദ്യങ്ങൾ യു.എസ് സെൻട്രൽ കമാൻഡിന് കൈമാറുകയായിരുന്നു. എന്നാൽ, മേഖലയിലെ അമേരിക്കൻ സൈനികർക്ക് നേരെയുള്ള ഭീഷണികൾ നേരിടാൻ ഭരണകൂടം തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ ദി വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ഖശം ദ്വീപിലെ ആക്രമണങ്ങളുടെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

ഹുർമുസ് കടലിടുക്കിന്റെ പ്രവേശനഭാഗത്തായി സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ദ്വീപാണ് ഖശം. ഭൂഗർഭ മിസൈൽ സംവിധാനങ്ങൾ, നാവിക താവളം, വലിയ കടൽജല ശുദ്ധീകരണ പ്ലാന്റ് എന്നിവ ഇവിടെയുണ്ട്. മുൻപും ഇറാനുമായുള്ള ഏറ്റുമുട്ടലുകളുടെ ഭാഗമായി അമേരിക്ക ഈ ദ്വീപിൽ ആക്രമണം നടത്തിയിരുന്നു. ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ചും അമേരിക്കൻ ഉദ്യോഗസ്ഥർ നേരത്തേ ചർച്ചകൾ നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US strikes Iran's Qeshm Island even as Trump rules out renewed war: Report
Next Story