ഇസ്രായേൽ വിരുദ്ധ ആക്രമണങ്ങളിലേർപ്പെടുന്ന തടവുകാർക്കുള്ള ആനുകൂല്യം നിർത്തിയെന്ന വാദം പച്ചക്കള്ളം, ഫലസ്തീൻ അതോറിറ്റിക്കെതിരെ ആഞ്ഞടിച്ച് അമേരിക്ക
text_fieldsവാഷിങ്‌ടൺ: ഇസ്രായേൽ വിരുദ്ധ ആക്രമണങ്ങളിൽ ഏർപ്പെടുന്ന തടവുകാർക്ക് ഫലസ്തീൻ അതോറിറ്റി (പി.എ) നൽകിവരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കിയെന്ന വാദം പച്ചക്കള്ളമെന്ന് അമേരിക്ക. അന്താരാഷ്ട്ര സമൂഹത്തെ പറ്റിക്കാനുള്ള ഫലസ്തീൻ അതോറിറ്റിയുടെ ശ്രമമാണിതെന്നും, പരിഷ്കരണങ്ങൾ ശരിവെച്ചുകൊണ്ടുള്ള സ്വതന്ത്ര ഓഡിറ്റിങ് റിപ്പോർട്ട് തള്ളിക്കളയുന്നതായും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
തടവുകാരുടെ ശിക്ഷാകാലാവധി നോക്കി ആനുകൂല്യങ്ങൾ നൽകുന്ന മുൻ രീതി അവസാനിപ്പിച്ച്, സാമ്പത്തിക സ്ഥിതി മാത്രം മാനദണ്ഡമാക്കി ധനസഹായം നൽകുന്ന പുതിയ വെൽഫെയർ സംവിധാനത്തിന് 2025 ഫെബ്രുവരിയിൽ പി.എ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നിലും രഹസ്യമായ അവിശുദ്ധ മാർഗ്ഗങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
നേരത്തെ പ്രഖ്യാപിച്ച പരിഷ്കരണങ്ങൾക്ക് വിരുദ്ധമായി, കഴിഞ്ഞ നവംബറിൽ പഴയ രീതിയിലുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി കണ്ടെത്തിയത് വാഷിങ്‌ടണിന്റെ സംശയങ്ങൾ വർധിപ്പിച്ചിരുന്നു. ഈ വീഴ്ചയുടെ പേരിൽ മഹ്മൂദ് അബ്ബാസ് ധനകാര്യമന്ത്രിയെ പുറത്താക്കിയെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ റാമല്ലക്ക് കഴിഞ്ഞിട്ടില്ല.
തങ്ങളുടെ സുതാര്യത തെളിയിക്കുന്നതിനായി പി.എ നിയോഗിച്ച ആഗോള കൺസൾട്ടിങ് സ്ഥാപനമായ ‘അൽവാരസ് ആൻഡ് മാർഷൽ’ നടത്തിയ ഓഡിറ്റിന്റെ ചുരുക്കം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുതിയ വെൽഫെയർ സംവിധാനം (തംകീൻ) വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും പഴയ സംവിധാനത്തിൽനിന്ന് വേർപെടുത്താൻ സാധിച്ചെന്നുമാണ് ഓഡിറ്റിൽ പറയുന്നത്. നവംബറിൽ നടന്ന നിയമവിരുദ്ധമായ പണമിടപാട്, പരിഷ്കരണത്തിന് മുമ്പുള്ള കുടിശ്ശിക തീർത്തതാണെന്ന് പി.എ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ, പഴയ സംവിധാനം പൂർണമായി അടച്ചുപൂട്ടിയെന്ന് ഉറപ്പാക്കാൻ കൂടുതൽ രേഖകൾ ആവശ്യമാണെന്നും കൺട്രോളുകൾ ശക്തമാക്കണമെന്നും ഓഡിറ്റർമാർ ശുപാർശ ചെയ്തിട്ടുണ്ട്.
റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചത്.
ഫലസ്തീൻ അതോറിറ്റി അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണുവെട്ടിച്ച് നിർമിച്ച രഹസ്യ ബൈപാസ് ചാനലുകളെക്കുറിച്ച് അന്വേഷിക്കാതെ, ‘തംകീൻ’എന്ന പുതിയ സ്ഥാപനത്തെക്കുറിച്ച് മാത്രമാണ് ഈ ഓഡിറ്റ് പരിശോധിച്ചത്. ഭീകരർക്കും അവരുടെ കുടുംബങ്ങൾക്കും വ്യാജ വേതനമായും പെൻഷനായും അല്ലെങ്കിൽ പണമായും നൽകുന്ന ധനസഹായം കണ്ടെത്താൻ ഈ ഓഡിറ്റിന് കഴിയില്ല. വൻകിട പണം വെളുപ്പിക്കൽപോലെ അതീവ രഹസ്യമായാണ് പുതിയ ഫണ്ട് വിതരണം ആസൂത്രണം ചെയ്തിരിക്കുന്നത്’ - യു.എസ് വക്താവ് ആരോപിച്ചു.
യൂറോപ്യൻ യനിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ദാതാക്കൾ ഈ ചതിക്കുഴിയിൽ വീഴരുതെന്നും, ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ നടപടികളും ഫലസ്തീൻ അതോറിറ്റി അവസാനിപ്പിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു.
സമാനമായ ആരോപണങ്ങളുമായി ഇസ്രായേലും രംഗത്തുണ്ട്. ഇത്തരം രഹസ്യ ഇടപാടുകൾ കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് മാത്രമേ സാധിക്കൂ എന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വാദം. മാത്രമല്ല, ജയിൽ മോചിതരായ തടവുകാർക്ക് സർക്കാർ ജോലികൾ നൽകി പി.എ അവരെ സഹായിക്കുകയാണെന്നും ഇസ്രായേൽ ആരോപിക്കുന്നു.
യു.എസ് കോൺഗ്രസിന്റെ ‘ടെയ്‌ലർ ഫോഴ്‌സ് ആക്ട്’ പ്രകാരം തടവുകാർക്ക് ആനുകൂല്യം നൽകുന്നിടത്തോളം ഫലസ്തീൻ അതോറിറ്റിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക വിലക്കിയിരിക്കുകയാണ്. സ്വതന്ത്ര ഓഡിറ്റ് റിപ്പോർട്ടിലൂടെ ഈ വിലക്ക് നീക്കാമെന്ന ഫലസ്തീന്റെ പ്രതീക്ഷകൾക്കാണ് യു.എസിന്റെ നിലപാടോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
ഫലസ്തീൻ അതോറിറ്റിയെ തകർക്കാനും അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനുമുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്ന് പലസ്തീൻ വക്താക്കൾ കുറ്റപ്പെടുത്തി.
നിലവിൽ പലസ്തീന്റെ ബജറ്റിന്റെ പ്രധാന സ്രോതസ്സായ ശതകോടിക്കണക്കിന് ഡോളറിന്റെ നികുതി വരുമാനം ഇസ്രായേൽ തടഞ്ഞുുവെച്ചിരിക്കുകയാണ്. ഇതോടെ ഒന്നര ലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ പി.എ കടുത്ത പ്രതിസന്ധിയിലാണ്.
എന്താണ് ‘പേ ഫോർ സ്ലേ’ പദ്ധതി?
ഇസ്രായേൽ വിരുദ്ധ ആക്രമണങ്ങളിൽ ഏർപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഫലസ്തീനികൾക്കും അവരുടെ കുടുംബങ്ങൾക്കും ഫലസ്തീൻ അതോറിറ്റി നൽകിവരുന്ന ധനസഹായ പദ്ധതിക്കെതിരെയാണ് യു.എസ് രംഗത്ത് എത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലും മാധ്യമങ്ങളിലും ഇത് പൊതുവെ ‘പേ ഫോർ സ്ലേ’ പദ്ധതി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്ക് പ്രതിമാസം നൽകുന്ന സാമ്പത്തിക സഹായമാണിത്. മുൻകാല സംവിധാനമനുസരിച്ച്, ഒരു തടവുകാരന് ലഭിക്കുന്ന തുക അയാൾക്ക് ഇസ്രായേൽ കോടതി വിധിച്ച ശിക്ഷാകാലാവധിയുടെ നീളത്തെ അടിസ്ഥാനമാക്കിയായിരുന്നു നിശ്ചയിച്ചിരുന്നത്. കൂടുതൽ വർഷം ജയിൽശിക്ഷ ലഭിക്കുന്നവർക്ക് കൂടുതൽ ഉയർന്ന തുക ലഭിച്ചിരുന്നു.
ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളിലോ ആക്രമണങ്ങളിലോ രക്തസാക്ഷികളാകുന്നവരുടെ കുടുംബങ്ങൾക്കും ഈ പദ്ധതി പ്രകാരം പതിവായി പെൻഷൻ അല്ലെങ്കിൽ ധനസഹായം നൽകിവരുരുന്നു.
ഇസ്രായേലും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നു. ഇത് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഭീകരതക്ക് പ്രതിഫലം നൽകുന്നതിനും തുല്യമാണെന്നാണ് ഇവരുടെ ആരോപണം. അമേരിക്കൻ കോൺഗ്രസ് പാസാക്കിയ ‘ടെയ്‌ലർ ഫോഴ്‌സ് ആക്ട്’ പ്രകാരം, ഈ രീതിയിലുള്ള ഫണ്ട് വിതരണം ഫലസ്തീൻ അതോറിറ്റി പൂർണമായി നിർത്തലാക്കുന്നത് വരെ അവർക്കുള്ള ഔദ്യോഗിക സാമ്പത്തിക സഹായങ്ങൾ അമേരിക്ക വിലക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

