അമേരിക്കയിൽ ഗവൺമെന്റ് ഷട്ട്ഡൗൺ തുടരും; ഏഴര ലക്ഷം ജീവനക്കാർ അവധിയിലേക്ക്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്‌ടൺ: യു.എസിൽ സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാത്തതിനെ തുടർന്ന് പ്രാബല്യത്തിലായ ‘അടച്ചുപൂട്ടൽ’ അടുത്ത ആഴ്ചയിലേക്ക് നീളും. പ്രവർത്തന ഫണ്ടിനുള്ള ബിൽ വീണ്ടും സെനറ്റിൽ പാസാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തനം കൂടുതൽ അനിശ്ചിതാവസ്‌ഥയിലേക്കു നീളുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക്, അവ പാസാക്കാനാവശ്യമായ 60 വോട്ടുകൾ ലഭിച്ചില്ല.
നാലാം തവണയാണ് സെനറ്റിൽ ബിൽ പരിഗണനക്ക് വന്നത്. 100 അംഗ സെറ്റിൽ കുറഞ്ഞത് 60 പേരുടെ പിന്തുണയുണ്ടെങ്കിലേ ബിൽ പാസാകുകയുള്ളൂ. 55-44 എന്ന നിലയിലാണ് വോട്ടെടുപ്പ് പരാജയപ്പെട്ടത്. റിപ്പബ്ളിക്കൻ, ഡെമോക്രാറ്റ് അംഗങ്ങൾക്ക് സമവായത്തിലെത്താനായില്ല. ട്രംപ് ഭരണകൂടം നിർത്തലാക്കിയ ലക്ഷക്കണക്കിന് പേരുടെ ഒബാമ കെയർ ആരോഗ്യ പരിരക്ഷ ഈ ബില്ലിൽ ഉൾപ്പെടുത്തി പുനഃസ്ഥാപിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. എന്നാൽ വൈറ്റ് ഹൗസും റിപ്പബ്ലിക്കൻ പാർട്ടിയും ഇതിനോട് യോജിച്ചില്ല. ശനി ഞായർ ദിവസങ്ങളിൽ സെനറ്റ് സമ്മേളിക്കില്ല. തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും.
ന്യൂയോർക്ക്, ഷിക്കാഗോ നഗരങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര ധനസഹായവും വൈറ്റ് ഹൗസ് മരവിപ്പിച്ചു. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഒക്‌ടോബർ ഒന്നു മുതൽ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

