‘ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ യുദ്ധത്തിൽനിന്ന് പിന്മാറുമെന്ന് അമേരിക്ക കരുതേണ്ട’ -ഇറാൻ പ്രതിരോധ മന്ത്രാലയം
text_fieldsതെഹ്‌റാൻ: മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ അമേരിക്ക ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന നിലപാട് കടുപ്പിച്ച് ഇറാൻ പ്രതിരോധ മന്ത്രാലയം. അല്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് റസ തലാഈ-നിക് മുന്നറിയിപ്പ് നൽകി. 'അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ' അടിച്ചേൽപ്പിച്ച മൂന്നാം യുദ്ധത്തിൽനിന്ന് അവർക്ക് രക്ഷപ്പെടാനുള്ള ഏക വഴി നയതന്ത്രരംഗത്തും യുദ്ധക്കളത്തിലും ഇറാൻ ജനതയുടെ ആവശ്യങ്ങൾക്ക് കീഴടങ്ങുക എന്നത് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ തസ്നീം ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കാൻ വാഷിങ്ടൺ വിസമ്മതിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മേഖലയിലെ അമേരിക്കൻ സുഹൃത്തുക്കൾക്കും തിരിച്ചടിയാകും. കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കാൻ ട്രംപ് ഇറാന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ തയാറാകണമെന്നും തലാഈ-നിക് കൂട്ടിച്ചേർത്തു.
അതിനിടെ, പശ്ചിമേഷ്യയിലെ സുരക്ഷ സാഹചര്യം വിലയിരുത്തുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താൻ കരസേന മേധാവി ജനറൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രി വൈകിയും നീണ്ട ചർച്ചയിൽ നിലവിലെ ഇറാൻ സംഘർഷവും മേഖലയിലെ സമാധാന ശ്രമങ്ങളും വിഷയമായെന്ന് തസ്നീം വാർത്ത ഏജൻസി പറയുന്നു.
തുടർന്ന്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി അരാഗ്ചി ഫോണിൽ സംസാരിച്ചു. അമേരിക്കയുടെ 'അമിതമായ ആവശ്യങ്ങളാണ്' സമാധാന ചർച്ചകൾക്ക് തടസ്സമെന്ന് അദ്ദേഹം ഗുട്ടറസിനെ അറിയിച്ചിട്ടുണ്ട്.
വാഗ്ദാന ലംഘനങ്ങളിലൂടെയും സൈനിക അധിനിവേശത്തിലൂടെയും യു.എസ് നയതന്ത്ര സാധ്യതകളെ തകർക്കുകയാണെന്നും ഇറാൻ സമാധാന ചർച്ചകൾക്ക് ഇപ്പോഴും സന്നദ്ധമാണെന്നും അരാഗ്ചി വ്യക്തമാക്കി. യു.എസിന് സമർപ്പിച്ച 14 ഇന നിർദേശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗാഈയും നിലപാടറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

