ഇന്ത്യയിൽനിന്ന് മാനുഷിക സഹായം എത്തിക്കുന്നതിന് നിയോഗിച്ച ഇറാൻ വിമാനം അമേരിക്ക തകർത്തു
text_fieldsമഷ്ഹദ്: ഇന്ത്യയിൽനിന്ന് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്. ഇറാനിലെ മഷ്ഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മഹൻ എയർ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിമാനം തിരിച്ച് ഇന്ത്യയിലേക്ക് ഏപ്രിൽ ഒന്നിന് ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു.
സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ഇറാൻ, സിവിലിയൻ വിമാനത്തിന് നേരെയുള്ള ആക്രമണം 'യുദ്ധക്കുറ്റ'മാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു. ഇസ്രായേൽ-അമേരിക്കൻ സഖ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ സ്ഥീരീകരിച്ചിട്ടുണ്ട്.
ഇറാൻ നേരിടുന്ന മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയിൽനിന്ന് ജീവൻരക്ഷ മരുന്നുകൾ ശേഖരിക്കാനാണ് വിമാനം ഡൽഹിയിലേക്ക് വരാനിരുന്നത്. ഈ മാസം 18ന് ഇന്ത്യ ഇറാനിലേക്ക് ആദ്യഘട്ട വൈദ്യസഹായം അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങളാണ് വ്യോമാക്രമണത്തോടെ അനിശ്ചിതത്വത്തിലായതെന്നും സിവിലിയൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനം തകർത്തത് അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം സിവിലിയൻ മേഖലയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കുറ്റപ്പെടുത്തി. "മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കാൻ നിയോഗിച്ച വിമാനത്തെ തകർത്തത് യുദ്ധക്കുറ്റമാണ്. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ പ്രതികരിക്കണം," ഇറാൻ വിദേശകാര്യ മന്ത്രാലയം എക്സിലൂടെ ആവശ്യപ്പെട്ടു.
ഇറാനിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ മഹാൻ എയർ ദീർഘകാലമായി അമേരിക്കയുടെ ഉപരോധപ്പട്ടികയിലുണ്ട്. ഐ.ആർ.ജി.സിയുമായി വിമാനക്കമ്പനിക്ക് ബന്ധമുണ്ടെന്നും സൈനിക നീക്കങ്ങൾക്ക് വിമാനം ഉപയോഗിക്കുന്നുണ്ടെന്നുമാണ് വാഷിംഗ്ടണിന്റെ ആരോപിക്കുന്നത്. എന്നാൽ തങ്ങളുടെ വിമാനങ്ങൾ മാനുഷിക ദൗത്യങ്ങൾക്കും സാധാരണ യാത്രക്കാർക്കുമായാണ് ഉപയോഗിക്കുന്നതെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

