ന്യൂയോർക്ക് വെടിവെപ്പ്: ആഭ്യന്തര തീവ്രവാദം അവസാനിപ്പിക്കാൻ പരിശ്രമിക്കും -ജോ ബൈഡൻ
text_fieldsഅമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ
വാഷിങ്ടൺ: ആഭ്യന്തര തീവ്രവാദം ഇല്ലാതാക്കുവാൻ എല്ലാവിധ പരിശ്രമവും നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ന്യൂയോർക്കില ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിക്കുകയായിരുന്നു അദ്ദേഹം.
മരിച്ച പത്തു പേരുടെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സംഭവത്തിൽ ശാരീരികമായും മാനസികമായും മുറിവേറ്റവർക്കൊപ്പം നിൽക്കുന്നു. ക്രമസമാധാന പാലകരുടെയും ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരുടെയും ധൈര്യത്തിൽ അമേരിക്കൻ ജനത നന്ദിയുള്ളവരാണ്. ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ നിത്യശാന്തിക്ക് വേണ്ടി ബൈഡൻ ഭാര്യക്കൊപ്പം പ്രാർഥിച്ചു. രാജ്യം ബഫലോ നിവാസികൾക്കൊപ്പമാണെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
വർണവെറി ഉൾപ്പെടെയുള്ള ആഭ്യന്തര തീവ്രവാദമടക്കങ്ങൾക്ക് എതിരാണ് അമേരിക്ക. വെറുപ്പിന് ഇവിടെ സുരക്ഷിത താവളം ഉണ്ടാകരുത്. വെറുപ്പ് വളമാക്കിയ ആഭ്യന്തര തീവ്രവാദം അവസാനിപ്പിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യണമെന്നും വാർത്താകുറിപ്പിൽ പറയുന്നു.
ശനിയാഴ്ച ന്യൂയോർക്കില ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വെളുത്ത വംശജനായ പതിനെട്ടുകാരനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കറുത്ത വംശജരാണ്. മൂന്നുപേർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ വർണവെറിയാണെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പ്രതി കാമറയിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു.