അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക സൈനിക സഹായം നൽകരുത്: അബ്ദുൽ അൽ സഈദ്
text_fieldsവാഷിങ്ടൺ: അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായി ആരോപണം നേരിടുന്ന രാജ്യങ്ങൾക്ക് അമേരിക്ക സാമ്പത്തികവും സൈനികവുമായ സഹായം നൽകുന്നതിനെ ചോദ്യം ചെയ്ത് മിഷിഗണിൽനിന്നുള്ള നിയുക്ത യു.എസ് സെനറ്റർ അബ്ദുൽ അൽ സഈദ്. പാകിസ്താൻ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്കൻ നികുതിപ്പണം ഉപയോഗിച്ച് ആയുധങ്ങളും സൈനിക സഹായവും നൽകേണ്ടതുണ്ടോയെന്ന് വാഷിങ്ടൺ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിനും ഉപാധികളില്ലാത്ത വിദേശ സൈനിക സഹായം നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈജിപ്ത് സർക്കാരിന് ടാങ്കുകൾ വാങ്ങിക്കൊടുക്കാനോ പാകിസ്താൻ സർക്കാരിനോ സൗദി അറേബ്യക്കോ സഹായം നൽകാനോ വേണ്ടിയല്ല ഞാൻ നികുതി അടക്കുന്നത്. ഉപാധികളില്ലാത്ത വിദേശ സൈനിക സഹായം പതിവായി നൽകേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല' - പി.ബി.എസ് ന്യൂസ് അവറിന് നൽകിയ അഭിമുഖത്തിൽ അൽ സഈദ് പറഞ്ഞു.
ഇതാദ്യമായല്ല അദ്ദേഹം ഈ നിലപാട് വ്യക്തമാക്കുന്നത്. ഈ ആഴ്ച ആദ്യം എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലും അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായി ആരോപണം നേരിടുന്ന രാജ്യങ്ങളെ പിന്തുണയ്ക്കാൻ അമേരിക്കൻ നികുതിപ്പണം ഉപയോഗിക്കരുതെന്ന് അൽ സഈദ് പറഞ്ഞിരുന്നു. ഇസ്രായേലിന്റെ കാര്യത്തിൽ മാത്രമായി ഈ സമീപനം പരിമിതപ്പെടുത്തരുതെന്നും ഈജിപ്ത്, പാകിസ്താൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളുടെ കാര്യത്തിലും ഒരേ മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയിൽനിന്ന് സഹായം സ്വീകരിക്കുന്ന രാജ്യങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായി ആരോപണം നേരിടുന്ന സാഹചര്യത്തിൽ, അത്തരം സഹായങ്ങളുടെ ഉപയോഗം പരിശോധിക്കണമെന്നും അൽ സഈദ് പറഞ്ഞു. 'നമ്മൾ നൽകുന്ന പണം ഉപയോഗിച്ച് ഒരു രാജ്യം അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെങ്കിൽ, അവിടെനിന്നാണ് പരിശോധന തുടങ്ങേണ്ടത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിന് നൽകുന്ന സൈനിക സഹായം കുറക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അൽ സഈദിന്റെ പ്രതികരണം. വർഷംതോറും നൽകുന്ന ഏകദേശം നാല് ബില്യൺ ഡോളറിന്റെ സൈനിക സഹായം ഈ വർഷം അവസാനത്തോടെ നിർത്താനാണ് ട്രംപ് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
2026ലെ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അൽ സഈദ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

