Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെതിരായ യുദ്ധം:...

ഇറാനെതിരായ യുദ്ധം: ട്രംപിന്റെ അധികാരം വെട്ടിക്കുറക്കാനുള്ള ബിൽ യു.എസ് സെനറ്റ് പാസാക്കി

text_fields
bookmark_border
donald trump
cancel

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാനെതിരായ സൈനിക നടപടികൾക്ക് കടിഞ്ഞാണിടാൻ ലക്ഷ്യമിട്ടുള്ള പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ഇറാനെതിരായ സൈനിക ഇടപെടലുകൾക്ക് കോൺഗ്രസിന്റെ അനുമതി നിർബന്ധമാക്കുന്ന ബില്ലാണ് സെനറ്റിൽ പാസായത്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം വിജയിച്ചത്. നേരത്തെ ജനപ്രതിനിധി സഭയിൽ ഈ ബിൽ പാസായിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിന്റെ സ്വന്തം പാർട്ടിയിലെ നാല് പ്രമുഖർ പാർട്ടി നിലപാടിനെ തള്ളി പ്രമേയത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. ബിൽ കാസിഡി, ലിസ മുർക്കോവ്സ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ എന്നിവരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഡെമോക്രാറ്റിക് പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. അതേസമയം, പെൻസിൽവാനിയയിൽ നിന്നുള്ള ജോൺ ഫെറ്റർമാൻ മാത്രമാണ് ഡെമോക്രാറ്റിക് പക്ഷത്ത് നിന്ന് വിട്ടുനിന്നത്.

ഈ പ്രമേയം കോൺഗ്രസിന്റെ ഇരുസഭകളിലും പാസായ ആദ്യത്തെ ‘വാർ പവേഴ്സ് റെസലൂഷൻ’ ആണെങ്കിലും, ഇതിന് നിയമപരമായ പ്രാബല്യം ലഭിക്കുമോ എന്നത് സംശയമാണ്. പ്രസിഡന്റ് ട്രംപ് പ്രമേയത്തെ വീറ്റോ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും, ട്രംപിന്റെ സൈനിക നടപടികളോടുള്ള കോൺഗ്രസിന്റെ കടുത്ത അതൃപ്തിയാണ് ഈ വോട്ടെടുപ്പിലൂടെ പുറത്തുവരുന്നത്. ‘യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, കോൺഗ്രസിനാണ്. ഈ ഭരണഘടനാപരമായ അവകാശം വീണ്ടെടുക്കാൻ ഞങ്ങൾ ശ്രമം തുടരും,’ - സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമർ വ്യക്തമാക്കി.

ഇറാനെതിരായ ട്രംപിന്റെ സൈനിക നടപടികളെ നിയന്ത്രിക്കുന്നതിനായി സെനറ്റ് പത്താം തവണയാണ് ഇത്തരമൊരു 'വാർ പവേഴ്സ്' പ്രമേയം അവതരിപ്പിക്കുന്നതെന്ന് ചക്ക് ഷുമർ സഭയിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി ട്രംപ് ഇറാനുമേൽ പരമാവധി സമ്മർദം ചെലുത്തുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും യുദ്ധത്തിലൂടെ അമേരിക്കൻ ജനതക്ക് കനത്ത വിലയാണ് നൽകേണ്ടി വന്നതെന്നും ഷുമർ പറഞ്ഞു. ഇറാനിൽ ട്രംപ് വരുത്തിയ ഈ ചരിത്രപരമായ പിഴവ്, അമേരിക്കയുടെ വിദേശനയ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഇടപെടലുകളിലൊന്നായി രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നിലവിൽ ഇറാനെതിരായ യുദ്ധം അമേരിക്കൻ ജനതയിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ യുദ്ധം അമേരിക്കക്ക് യാതൊരു നേട്ടവും നൽകിയിട്ടില്ലെന്നാണ് സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധത്തെത്തുടർന്ന് എണ്ണ, ഗ്യാസ്, വളം എന്നിവയുടെ വില കുതിച്ചുയർന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഈ അതൃപ്തി റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമാണ്.

ഫെബ്രുവരി 28നാണ് ട്രംപ് ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ ആക്രമണം തുടങ്ങിയത്. ഇതോടെ മേഖലയിൽ യുദ്ധം രൂക്ഷമായി. ആണവായുധ നിർമാണം തടയാനാണ് യുദ്ധമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന നടപടിയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ സ്വിറ്റ്‌സർലൻഡിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നത് സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്തായാലും, ട്രംപിന്റെ സ്വേച്ഛാധിപത്യപരമായ സൈനിക നീക്കങ്ങൾക്കെതിരെ കോൺഗ്രസ് നടത്തുന്ന ഈ നിയമപോരാട്ടം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us congressus senateIran War Powers resolutionDonald TrumpBill ApprovalUS Iran War
News Summary - US Senate joins House in voting to halt Iran war, rebuking Trump
Next Story