റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% താരിഫ്: നിർണായക ബിൽ പാസാക്കി യു.എസ് സെനറ്റ്
text_fieldsവാഷിങ്ടൺ: യുക്രെയ്‌നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ ഊർജ്ജ വരുമാനത്തെ ലക്ഷ്യമിട്ടുള്ള കനത്ത ഉപരോധ ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷണിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026’ എന്ന് പേരിട്ട പുതിയ നിയമനിർമാണം വഴി റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് ഏർപ്പെടുത്തും. കൂടാതെ, പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന രഹസ്യ സമുദ്ര ശൃംഖലകളെയും ഈ ബിൽ കർശനമായി ലക്ഷ്യമിടുന്നുണ്ട്.
അമേരിക്കൻ സെനറ്റിൽ 11നെതിരെ 86 വോട്ടുകൾക്കാണ് ബിൽ പാസാക്കപ്പെട്ടത്. തുടർന്ന് ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് അയച്ചു. എന്നാൽ കോൺഗ്രസിന്റെ വേനലവധി കാരണം, 435 അംഗങ്ങളുള്ള ലോവർ ചേമ്പറിലെ വോട്ടെടുപ്പ് സെപ്റ്റംബർ വരെ നടക്കില്ല. ഈ നീക്കം റഷ്യയെ ഒടുവിൽ ചർച്ചാമേശയിലെത്തിക്കുമെന്നും യുക്രെയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷത്തിന് വിരാമമിടുമെന്നും സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗമായ ജിം റിഷ് സെനറ്റ് ഫ്ളോറിൽ നടത്തിയ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
യുദ്ധക്കളത്തിൽ വെച്ചുണ്ടാകുന്ന നേട്ടങ്ങളേക്കാൾ വലിയ സ്വാധീനം ചെലുത്താനും, റഷ്യൻ യുദ്ധ സൈന്യത്തിന് ധനസഹായം നൽകുന്ന പണത്തിന്റെ ഒഴുക്ക് തടയാനും ഈ പുതിയ നീക്കം സഹായിക്കുമെന്ന് സെനറ്റർമാർ അഭിപ്രായപ്പെട്ടു. ചൈന, ഇന്ത്യ, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ അഞ്ച് രാജ്യങ്ങളെയാണ് ഈ ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിനിടെ ബില്ലിനെ സ്വാഗതം ചെയ്ത് കൊണ്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി രംഗത്തുവന്നു. യുക്രെയ്ൻ ജനതക്ക് നൽകുന്ന പിന്തുണക്ക് യു.എസ് സെനറ്റിനോട് നന്ദി അറിയിച്ച സെലൻസ്കി തങ്ങളുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിനും ജനങ്ങൾക്കുമെതിരെയുള്ള റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യഥാർത്ഥവും ശക്തവുമായ അമേരിക്കൻ സമ്മർദ്ദവും ഉപരോധവുമാണ് ഏറ്റവും കൂടുതൽ സഹായിക്കുക എന്ന് ചൂണ്ടിക്കാട്ടി.
മോസ്കോയുടെ അധിനിവേശത്തിനെതിരെ ശക്തമായ വാദങ്ങൾ ഉന്നയിക്കുകയും, ജൂലൈ 11-ന് അന്തരിക്കുകയും ചെയ്ത റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ സ്മരണാർത്ഥമാണ് ബില്ലിന് ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷണിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026 എന്ന പേര് നൽകിയിരിക്കുന്നത്. റഷ്യൻ ഹൈഡ്രോകാർബണുകൾക്കെതിരെ പുതിയ ഉപരോധങ്ങൾ പാസാക്കുന്നതിന് വൈറ്റ് ഹൗസിന്റെ അനുമതി നേടിയെടുത്തിരുന്നതായി തന്റെ മരണത്തിന് തലേദിവസം ലിൻഡ്സെ ഗ്രഹാമും മറ്റ് സെനറ്റർമാരും ചേർന്ന് പ്രഖ്യാപിച്ചിരുന്നു.
പുതിയ ബിൽ വ്ലാദിമിർ പുടിന് വ്യക്തവും ഉഭയകക്ഷി പിന്തുണയുമുള്ളതുമായ ഒരു സന്ദേശമാണ് നൽകുന്നതെന്ന് ഡെമോക്രാറ്റിക് സെനറ്റർ ജീൻ ഷഹീൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു. വിജയിക്കാൻ കഴിയാത്ത ഒരു യുദ്ധം തുടരാനുള്ള റഷ്യയുടെ മാർഗ്ഗങ്ങളെ നമുക്ക് ഒന്നിച്ച് തടയാമെന്ന് യൂറോപ്യൻ കമ്മീഷൻ തലവനായ ഉർസുല വോൺ ഡെർ ലെയ്ൻ എക്സിൽ കുറിച്ചു. എന്നാൽ ലോവർ ചേമ്പറിൽ ഈ ബിൽ പാസാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്ന് ചില ഹൗസ് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ താരിഫ് അധികാരങ്ങൾ ട്രംപിന് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഡെമോക്രാറ്റിക് പ്രതിനിധികളായ ഗ്രിഗറി മീക്സും ഡോൺ ബെയറും സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച അംഗീകരിച്ച രൂപം സ്വീകാര്യമല്ല എന്നും അവർ വിശേഷിപ്പിച്ചു.
അതേസമയം വാഷിങ്ടണിലെ റഷ്യൻ എംബസി ഈ നിയമനിർമാണത്തെ ശക്തമായി അപലപിച്ചു. യു.എസ്-ഇസ്രായേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകാനിരിക്കുന്ന ഊർജ്ജ പ്രതിസന്ധികളുടെയും മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നേയുള്ള ഇന്ധന വിലക്കയറ്റത്തിന്റെയും കാലത്ത്, റഷ്യയെയും അതിന്റെ വ്യാപാര പങ്കാളികളെയും ഉപരോധിക്കുന്നത് അമേരിക്കക്ക് തികച്ചും ദോഷകരമായി ബാധിക്കുമെന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രസ്താവനയിൽ എംബസി ചൂണ്ടിക്കാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

