ഇന്ത്യക്ക് 100 ശതമാനം തീരുവ പാസാക്കി യു.എസ്
text_fieldsവാഷിങ്ടൺ: റഷ്യയിൽനിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള നാല് രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള റഷ്യ ഉപരോധ ബിൽ യു.എസ് സെനറ്റ് വൻ ഭൂരിപക്ഷത്തോടെ പാസാക്കി. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് സഹായകമാകുന്നു എന്നാരോപിച്ചാണ് നടപടി. അടുത്തിടെ അന്തരിച്ച യു.എസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ ഓർമക്കായി ‘ലിൻഡ്സെ ഒ. ഗ്രഹാം റഷ്യ-ഇറാൻ ഉപരോധ നിയമം -2026’ എന്ന് പുനർനാമകരണം ചെയ്ത ബിൽ 11 നെതിരെ 86 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചത്.
റഷ്യൻ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽനിന്നുള്ള സാധനങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുമതി നൽകുന്നതാണ് ബിൽ. നിലവിൽ ചൈന, ഇന്ത്യ, അസർബൈജാൻ, ഹംഗറി, സ്ലോവാക്യ എന്നിവയാണ് റഷ്യയിൽനിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന ആദ്യ അഞ്ച് രാജ്യങ്ങൾ. ഇറാന്റെ ഊർജ മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്ന 1996ലെ ഇറാൻ ഉപരോധ നിയമത്തിന്റെ കാലാവധി 2031 വരെ നീട്ടാനും ഈ ബില്ലിൽ വ്യവസ്ഥയുണ്ട്.
അതേസമയം, പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. ബിൽ ആദ്യം നിയമമാകണം. തുടർന്ന് അവ ചുമത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപിന് വിവേചനാധികാരമുണ്ടായിരിക്കും. ആഗസ്റ്റ് 31ന് വീണ്ടും സമ്മേളിക്കുമ്പോൾ ബിൽ പ്രതിനിധിസഭയുടെ അംഗീകാരത്തിനെത്തും.
യുദ്ധക്കളത്തിൽ വെച്ചുണ്ടാകുന്ന നേട്ടങ്ങളേക്കാൾ വലിയ സ്വാധീനം ചെലുത്താനും റഷ്യൻ സൈന്യത്തിന് സഹായം നൽകുന്ന പണത്തിന്റെ ഒഴുക്ക് തടയാനും ഈ പുതിയ നീക്കം സഹായിക്കുമെന്ന് സെനറ്റർമാർ അഭിപ്രായപ്പെട്ടു. ബില്ലിനെ സ്വാഗതം ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി രംഗത്തുവന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

