യു.എസ് സ്റ്റേറ്റ് സെക്രട്ടറി റിലയൻസ് എണ്ണശുദ്ധീകരണശാല സന്ദർശിച്ചു
text_fieldsജാംനഗർ: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ ഭീമൻ എണ്ണശുദ്ധീകരണശാല സന്ദർശിച്ചു. പ്രതിദിനം ഏകദേശം 14 ലക്ഷം ബാരൽ സംസ്കരണ ശേഷിയുള്ള എണ്ണശുദ്ധീകരണശാലയാണ് ഇവിടെയുള്ളത്. ആനന്ദ് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ആരംഭിച്ച വൻതാര എന്ന വന്യജീവി രക്ഷാ, ചികിത്സാ, പുനരധിവാസ സംരംഭം, ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് എന്നിവയും അദ്ദേഹം സന്ദർശിക്കും.
ഊർജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ റൂബിയോ, ഇന്ത്യ എണ്ണ ശുദ്ധീകരണ രംഗത്തെ സൂപ്പർ പവറാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെനിസ്വേലൻ അസംസ്കൃത എണ്ണ റിലയൻസിന്റെ പ്ലാന്റിൽ ശുദ്ധീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. യു.എസിലെ ടെക്സസിലുള്ള ബ്രൗൺസ്വില്ലിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ റിഫൈനറി പദ്ധതിയിൽ റിലയൻസ് നടത്തുന്ന വൻ നിക്ഷേപവും സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ്.
ജാംനഗർ സന്ദർശനത്തിന് മുമ്പായി മാർകോ റൂബിയോ ഇന്ത്യൻ വ്യവസായി ഗൗതം അദാനി, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവരുമായി മുംബൈയിൽ വെവ്വേറെ കൂടിക്കാഴ്ച നടത്തി. ഇരുപക്ഷവും കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

