തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം; സംഘർഷം ലഘൂകരിക്കണമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫുമായും ഫോണിൽ സംസാരിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. ഇരു രാജ്യങ്ങളും ഇടപെട്ട് നിലവിൽ ഉടലെടുത്തിരിക്കുന്ന സംഘർഷ സാധ്യത ലഘൂകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസാണ് ഇരുവരുമായി മാർകോ റുബിയോ സംസാരിച്ച വിവരം അറിയിച്ചത്. ജയ്ശങ്കറുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഭീകരവാദത്തിനെതിരായി ഇന്ത്യക്കുള്ള പിന്തുണ തുടരുമെന്ന് മാർകോ റൂബിയോ അറിയിച്ചതായാണ് വിവരം. പാകിസ്താൻ ആക്രമണത്തെ അപലപിക്കണമെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും മാർകോ റൂബിയോ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള സംഘർഷസാധ്യത ലഘൂകരിക്കാൻ പാകിസ്താനുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇത് അത്യാവശ്യമാണെന്ന് മാർക്ക് റൂബിയോ പറഞ്ഞുവെന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താന് സൈനിക തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതിനുപിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷവും യുദ്ധവുമൊഴിവാക്കാൻ ഐക്യരാഷ്ട്ര സഭ(യു.എൻ)യും വിദേശ രാജ്യങ്ങളും മാധ്യസ്ഥ നീക്കത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അടുത്ത 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യ തങ്ങൾക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താൻ അവകാശപ്പെട്ടതിനിടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇരു രാജ്യങ്ങളുമായി ഫോണിൽ സംസാരിച്ചു.
വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായുമാണ് അന്റോണിയോ ഗുട്ടെറസ് ഫോൺ സംഭാഷണം നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അന്റോണിയോ ഗുട്ടെറസ് ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായ മാർഗങ്ങളിലൂടെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മിൽ വർധിക്കുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

