ദക്ഷിണ ചൈന കടലിൽ അമേരിക്കൻ സീഹോക്ക് ഹെലികോപ്ടറും യുദ്ധവിമാനവും തകർന്നുവീണു
text_fieldsദക്ഷിണ ചൈന കടലിൽ ഞായറാഴ്ച യു.എസ് നാവികസേനയുടെ ഹെലികോപ്റ്ററും ഒരു യുദ്ധവിമാനവും വ്യത്യസ്ത സംഭവങ്ങളിൽ തകർന്നുവീണു. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. യു.എസ് നാവികസേനയുടെ പസഫിക് ഫ്ലീറ്റിന്റെ കണക്കനുസരിച്ച്, രണ്ട് സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് നിമിറ്റ്സിൽ നിന്ന് പതിവ് പറക്കലിനിടെ ഒരു എം.എച്ച്-60ആർ സീഹോക്ക് ഹെലികോപ്ടർ ഞായറാഴ്ച ഉച്ചകഴിഞ്ഞ് തകർന്നുവീണതായി യു.എസ് നാവികസേന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പ്രാദേശിക സമയം 2:45 നാണ് അപകടം നടന്നത്. മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. നാവികസേനയുടെ കണക്കനുസരിച്ച് മാരിടൈം സ്ട്രൈക്ക് സ്ക്വാഡ്രണിന്റെ ബാറ്റിൽ ക്യാറ്റ്സ് ടീമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
ഈ സംഭവം നടന്ന് അരമണിക്കൂറിനുശേഷം, യു.എസ്.എസ് നിമിറ്റ്സിൽനിന്ന് പറന്നുയരുന്നതിനിടെ ഒരു എഫ്/എ-18എഫ് സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനവും തകർന്നു വീണു. പതിവ് പറക്കലിനിടെയായിരുന്നു സംഭവം. സ്ട്രൈക്ക് ഫൈറ്റർ സ്ക്വാഡ്രണിന്റെ ഫൈറ്റിങ് റെഡ്ഹോക്സ് ടീമിന്റെതായിരുന്നു യുദ്ധവിമാനം. പൈലറ്റ് വിജയകരമായി ഇജക്ട് ബട്ടണിലൂടെ പുറത്തെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
യുഎസ് നാവികസേനയുടെ കണക്കനുസരിച്ച്, നിമിറ്റ്സ് പടിഞ്ഞാറൻ തീരത്തേക്കുള്ള മടക്കയാത്രയിലാണ്. മാർച്ച് 26 നായിരുന്നു വിമാനവാഹിനിക്കപ്പലും ജീവനക്കാരും വ്യോമ വിഭാഗവും പടിഞ്ഞാറൻ തീരത്തുനിന്ന് പുറപ്പെട്ടത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണത്തെ നേരിടാനായി വിമാനവാഹിനിക്കപ്പൽ സദാ സമയവും പശ്ചിമേഷ്യയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒക്ടോബർ 17ന് ദക്ഷിണ ചൈനാ കടലിലെത്തുകയായിരുന്നു.
ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗം ചൈന അവകാശപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഈ കടലിനെച്ചൊല്ലി നിരവധി കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും അവർക്ക് സംഘർഷങ്ങളുണ്ടായിരുന്നു. ഏറ്റവും പുതിയ തർക്കം ഫിലിപ്പീൻസുമായി ആയിരുന്നു, അവരുടെ കപ്പലുകൾ, സിവിലിയൻ മുതൽ സൈനിക കപ്പലുകൾ വരെ ചൈന ലക്ഷ്യമിടുന്നു. അതിശയകരമെന്നു പറയട്ടെ, ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗത്തിനും മേലുള്ള ചൈനയുടെ അവകാശവാദം അന്താരാഷ്ട്ര നീതിന്യായ കോടതി നിരസിച്ചു. ഇതൊക്കെയാണെങ്കിലും, ചൈന ഈ മേഖലയിൽ തങ്ങളുടെ ശക്തി പരീക്ഷിക്കുന്നത് തുടരുകയാണ്. യു.എസ് തങ്ങളുടെ നാവിക യുദ്ധക്കപ്പലുകളും വിമാനവാഹിനിക്കപ്പലുകളും അയച്ചുകൊണ്ട് ഈ മേഖലയിൽ ചൈനയെ വെല്ലുവിളിക്കുന്നതും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

