റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് നൽകിയ ‘ഇളവ്’ നീട്ടില്ലെന്ന് അമേരിക്ക; രാജ്യം ഇന്ധന പ്രതിസന്ധിയിലേക്ക്?
text_fieldsവാഷിങ്ടൺ: റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടിനൽകില്ലെന്ന് അമേരിക്ക. ഇതോടെ യുക്രെയ്ൻ-മിഡിൽ ഈസ്റ്റ് യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിയിരുന്ന ഇന്ത്യക്ക് വരുംദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും.
ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ആശ്വാസമായാണ് ട്രംപ് നേരത്തെ താൽക്കാലിക ഇളവുകൾ അനുവദിച്ചിരുന്നത്. എന്നാൽ ഈ കാലാവധി അവസാനിക്കുന്നതോടെ പുതിയ ഇളവുകൾ നൽകേണ്ടതില്ലെന്നാണ് ട്രെഷറി ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം.
റഷ്യൻ, ഇറാനിയൻ എണ്ണ വ്യാപാരത്തിനുള്ള ജനറൽ ലൈസൻസ് യു.എസ് പുതുക്കുന്നില്ല. മാർച്ച് 11-ന് മുമ്പ് കടലിലുണ്ടായിരുന്ന എണ്ണയുടെ വിനിമയത്തിന് വേണ്ടിയായിരുന്നു ആ ഇളവ്. അത് ഇപ്പോൾ പൂർണ്ണമായും ഉപയോഗിക്കപ്പെട്ടു കഴിഞ്ഞുവെന്ന് യു.എസ് ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ് നിയന്ത്രിക്കാനാണ് താൽക്കാലിക ഇളവുകൾ അമേരിക്ക നൽകിയിരുന്നത്. മാർച്ച് 12-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ റഷ്യൻ ക്രൂഡ് ഓയിലിനുള്ള ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചു. ഇതോടൊപ്പം ഇറാനിൽ നിന്നുള്ള എണ്ണയുടെ ഇളവ് ഏപ്രിൽ 19-ന് അവസാനിക്കും. ഇറാനിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി തന്ത്രത്തിലൂടെ കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യിക്കാനാണ് വാഷിങ്ടണിന്റെ നീക്കം.
ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടത് ഇന്ത്യയാണ്. റഷ്യൻ എണ്ണയുടെ പ്രധാന ഗുണഭോക്താക്കളിൽ ഒന്നായിരുന്നു ഇന്ത്യ. ഉപരോധ ഇളവുകൾ നിലനിന്നിരുന്ന കാലയളവിൽ ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണക്കാണ് ഇന്ത്യൻ റിഫൈനറികൾ ഓർഡർ നൽകിയിരുന്നത്. റിലയൻസ് ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾ ജനുവരിയിൽ റഷ്യയിൽ നിന്നുള്ള വാങ്ങൽ കുറച്ചിരുന്നെങ്കിലും ഇളവുകൾ വന്നതോടെ വീണ്ടും റഷ്യൻ എണ്ണയിലേക്ക് തിരിഞ്ഞിരുന്നു.
മാത്രമല്ല ഏഴ് വർഷത്തിന് ശേഷം ആദ്യമായി ഇറാനിയൻ എണ്ണ കയറ്റിയ സൂപ്പർ ടാങ്കറുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയിരുന്നു. മുമ്പ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 11.5 ശതമാനം ഇറാനിൽ നിന്നായിരുന്നു. പുതിയ യു.എസ് നിലപാടോടെ ഈ ഇറക്കുമതിയും പ്രതിസന്ധിയിലാകും.
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ ഇളവുകൾക്കെതിരെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. റഷ്യൻ എണ്ണ വാങ്ങാൻ അനുമതി നൽകുന്നത് പുടിന്റെ യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്നതിന് തുല്യമാണെന്ന് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തൽ ആരോപിച്ചു. ഈ സമ്മർദ്ദങ്ങൾക്കിടയിലാണ് ഇളവുകൾ അവസാനിപ്പിക്കാൻ വൈറ്റ് ഹൗസ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

