ഇസ്രായേൽ കുടിയേറ്റം നിയമവിരുദ്ധമെന്ന് യു.എസ്
text_fieldsആന്റണി ബ്ലിങ്കൻ
വാഷിങ്ടൺ: ഇസ്രായേൽ ഫലസ്തീൻ മണ്ണിൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വെസ്റ്റ് ബാങ്കിൽ 3300 കുടിയേറ്റ ഭവനങ്ങൾകൂടി നിർമിക്കുമെന്ന ഇസ്രായേൽ പ്രഖ്യാപനം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പ്രതികരിച്ചതാണ് അദ്ദേഹം.
ഇത് ഇസ്രായേലിന്റെ സുരക്ഷ ശക്തിപ്പെടുത്തുകയല്ല, ദുർബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ബേനസ് ഐറിസിൽ അർജന്റീന വിദേശകാര്യ മന്ത്രി ദിയാന മോണ്ടിനോക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ഇസ്രായേലിനെ പിന്തുണക്കുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ കഴിഞ്ഞയാഴ്ച അൾജീരിയ കൊണ്ടുവന്ന പ്രമേയത്തെ യു.എസ് വീറ്റോ ചെയ്തിരുന്നു. അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന കേസിൽ ഇസ്രായേലിന് അനുകൂലമായ നിലപാടാണ് അവർ സ്വീകരിച്ചത്.
അതേസമയം, തങ്ങളുടേതടക്കം ഒരു സമ്മർദത്തിനും വഴങ്ങാതെ ഇസ്രായേൽ അക്രമം വ്യാപിപ്പിക്കുന്നതിൽ യു.എസിന് പ്രതിഷേധമുണ്ട്. പശ്ചിമേഷ്യയിലെ യു.എസിന്റെ താൽപര്യങ്ങളെപോലും ബാധിക്കുന്ന രീതിയിലേക്ക് സംഘർഷം വളരുന്നതിലാണ് അവർക്ക് ആശങ്ക. ഇരട്ടത്താപ്പാണ് അമേരിക്ക പ്രകടിപ്പിക്കുന്നതെന്ന് ഹമാസും ഇറാനും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

