‘ഇറാൻ യുദ്ധത്തിൽ വരുംദിവസങ്ങൾ നിർണായകം’; തെഹ്റാന്‍ ഉടൻ കരാറിലെത്തണമെന്നും യു.എസിന്‍റെ മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ വരുംദിവസങ്ങൾ ഏറെ നിർണായകമാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാൻ തെഹ്റാൻ ഉടൻ കരാറിലെത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദുബൈക്കു സമീപം കുവൈത്ത് എണ്ണക്കപ്പൽ ഇറാൻ ആക്രമിച്ചതിനു പിന്നാലെയാണ് ഹെഗ്സെതിന്‍റെ പ്രസ്താവന. കരാറിൽ എത്തുകയും ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്‍റെ ഊർജ പ്ലാന്‍റുകൾ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നു. യുദ്ധത്തിൽ തങ്ങളെ സഹായിക്കാത്ത ഫ്രാൻസിനെയും ബ്രിട്ടനെയും ട്രംപ് വിമർശിക്കുകയും ചെയ്തു. ബ്രിട്ടനോ മറ്റു രാജ്യങ്ങൾക്കോ എണ്ണ വേണമെങ്കിൽ അവർ അമേരിക്കയിൽനിന്ന് വാങ്ങുകയോ നേരിട്ട് ഹുർമുസിൽ ചെന്ന് എണ്ണ സ്വന്തമാക്കുകയോ വേണമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. എണ്ണ ലഭ്യതയിലെ കുറവും വിലക്കയറ്റവും ആഗോളവ്യാപകമായി പ്രതിസന്ധി രൂക്ഷമാക്കിയതോടെയാണ് സമ്മർദം മറ്റുരാഷ്ട്രങ്ങൾക്കുമേൽ ചാരി ട്രംപ് രംഗത്തുവന്നത്. ഇറാനെതിരായ യുദ്ധത്തിന് യു.എസ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് ഫ്രാൻസ് വിലക്കിയിട്ടുണ്ട്. ശനിയാഴ്ച പശ്ചിമേഷ്യയിലെ യു.എസ് സൈന്യത്തെ ഹെഗ്സെത് സന്ദർശിച്ചിരുന്നു. കരാറിലെത്താൻ ട്രംപിന് താൽപര്യമുണ്ടെന്നും ചർച്ച നടക്കുകയാണെന്നും പുരോഗതിയുണ്ടെന്നും പറഞ്ഞ ഹെഗ്സെത്, ഇറാൻ സഹകരിച്ചില്ലെങ്കിൽ യു.എസ് യുദ്ധം തുടരാൻ സജ്ജമാണെന്നും വ്യക്തമാക്കി. തങ്ങൾക്ക് മുന്നിൽ വ്യത്യസ്ത വഴികളുണ്ട്, അവർക്ക് മുന്നിൽ അതില്ല... ഒരു മാസം കൊണ്ട് നമ്മൾ 15 ഇന പദ്ധതികൾ നിശ്ചയിച്ചു, വരുംദിവസങ്ങൾ നിർണായകമാകുമെന്നും വാഷിങ്ടണ്ണിൽ മാധ്യമങ്ങളോട് ഹെഗ്സെത് പറഞ്ഞു. സൈനികമായി അവർക്ക് ഇപ്പോൾ ഒന്നുമില്ലെന്ന് ഇറാനു തന്നെ അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഹുർമുസ് തുറക്കാനായില്ലെങ്കിലും ഇറാനിൽ വെടിനിർത്തലിന് ട്രംപിന് താൽപര്യമുള്ളതായി യു.എസ് പത്രം വാൾ സ്‍ട്രീറ്റ് ചാനൽ റിപ്പോർട്ട് ചെയ്തു. ഹുർമുസ് തുറക്കൽ ലക്ഷ്യമാക്കിയാൽ നാല്- ആറ് ആഴ്ചകളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന പഴയ തീരുമാനം നടപ്പാക്കാനാകില്ലെന്നും അതിനാൽ ഹുർമുസ് അടഞ്ഞുകിടന്നാലും യുദ്ധം നിർത്തുമെന്നുമാണ് ട്രംപ് പറയുന്നത്. സൈനിക നീക്കത്തീലൂടെ ഹുർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുദ്ധം നാല് മുതൽ ആറ് ആഴ്ച എന്ന തങ്ങളുടെ പ്രതീക്ഷിത സമയപരിധിക്കപ്പുറം അനന്തമായി നീളാൻ കാരണമാകുമെന്ന് ട്രംപും സഹായികളും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ 'വളരെ നന്നായി' മുന്നോട്ടുപോകുന്നുവെന്ന വാഷിങ്ടണിന്‍റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. യുദ്ധം 31 ദിവസം പിന്നിടുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയാറായിട്ടില്ലെന്ന് വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

