ഇറാൻ എണ്ണ ഇടപാട്: രണ്ട് മുംബൈ കമ്പനികൾക്കും അഞ്ച് ഇന്ത്യക്കാർക്കും ഉപരോധമേർപ്പെടുത്തി യു.എസ്
text_fieldsവാഷിംഗ്ടൺ: ഇറാനിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനധികൃത വ്യാപാരത്തിൽ പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടി മുംബൈ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾക്കും അഞ്ച് ഇന്ത്യൻ പൗരന്മാർക്കും എതിരെ യു.എസ് ഭരണകൂടം കടുത്ത ഉപരോധം ഏർപ്പെടുത്തി. മുംബൈയിലെ എസ്.എസ്.പി.എൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സമുദ്ര മറൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിച്ചത്.
ഇറാനിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് സൗകര്യമൊരുക്കിയതിനാണ് ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി. കമ്പനികളുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെയും യു.എസ് വിലക്കി. എസ്.എസ്.പി.എൽ സൊല്യൂഷൻസുമായി ബന്ധപ്പെട്ട ധ്വനി, നിസർഗ് വോറ എന്നിവരും സമുദ്ര മറൈൻ സർവീസസുമായി ബന്ധപ്പെട്ട കേതൻ കൊച്ചിക്കർ, ഭൂപേന്ദ്രസിംഗ് സാഹു, ഹരിശ്യാം ഹരിഹരൻ ചുണ്ടക്കാട്ടിൽ എന്നിവരുമാണ് യു.എസ് ഉപരോധം നേരിടുന്ന ഇന്ത്യക്കാർ.
'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്': ആകെ 10 സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും പൂട്ട്
ഇറാനെതിരെയുള്ള യു.എസ് നീക്കമായ 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇറാന്റെ വരുമാന സ്രോതസ്സുകൾ തടയുന്നതിനായി പത്ത് സ്ഥാപനങ്ങൾ, ആറ് വ്യക്തികൾ, അഞ്ച് ചരക്കുകപ്പലുകൾ എന്നിവയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ കമ്പനികൾ ഇറാനിയൻ ഭരണകൂടത്തിന് ദശലക്ഷക്കണക്കിന് ഡോളർ എത്തിച്ചുകൊടുക്കുന്ന പ്രധാന വരുമാന സ്രോതസ്സായി പ്രവർത്തിച്ചുവെന്നും അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയെന്നും യു.എസ് ആരോപിച്ചു. ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും എതിരെ ഒരേസമയം ശക്തമായ നടപടിയുണ്ടാകുമെന്ന് യു.എസ് വ്യക്തമാക്കി. അതേസമയം, നിലവിലുള്ള ഇടപാടുകൾ അവസാനിപ്പിക്കുന്നതിനായി സമുദ്ര മറൈൻ സർവീസസിന് ഒക്ടോബർ 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഷാഡോ ഫ്ലീറ്റുകൾക്കും ഉപരോധം; മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറി
ഇറാന്റെ എണ്ണക്കടത്തിനായി ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റ്' കപ്പലുകൾ ഉൾപ്പെടെ 17 സ്ഥാപനങ്ങൾക്കെതിരെ യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റും കടുത്ത ഉപരോധം ഏർപ്പെടുത്തി.
"മേഖലയിൽ യുദ്ധം നയിക്കാൻ ടെഹ്‌റാനിലെ ഭരണകൂടം ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഇറാന്റെ എണ്ണ വ്യാപാരത്തെ സഹായിക്കുന്നവരെ തുറന്നുകാട്ടുന്നത് തുടരും. ഇറാനെതിരായ ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന ആരും തന്നെ യു.എസ് ട്രഷറിയുടെ നടപടികളിൽ നിന്ന് രക്ഷപ്പെടില്ല."
— യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

