വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി: അമേരിക്കയിൽ ജോലി ചെയ്യാൻ 67 ലക്ഷം രൂപ ഫീസ് ഏർപ്പെടുത്താൻ നീക്കം
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് തിരിച്ചടിയായി പുതിയ നിയമ നിർദേശവുമായി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. വിദ്യാർഥികൾക്ക് പഠനത്തോട് അനുബന്ധിച്ച് താൽക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (OPT) പദ്ധതിക്ക് വൻ തുക ഫീസ് ഏർപ്പെടുത്താനാണ് നീക്കം.
F1 വിസയിലെത്തുന്ന വിദേശ വിദ്യാർഥികൾക്ക് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ആദ്യ തവണ 70,000 ഡോളർ (ഏകദേശം 67 ലക്ഷം രൂപ) ഫീസ് നൽകണമെന്നാണ് പുതിയ നിർദേശം. തുടർന്നുള്ള ഓരോ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് എക്സ്റ്റൻഷനും 30,000 ഡോളർ (ഏകദേശം 29 ലക്ഷം രൂപ) വീതവും നൽകണം. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനും, വിദേശ തൊഴിലാളികളുടെ ഒഴുക്ക് കുറക്കാനും, ഇമിഗ്രേഷൻ സംവിധാനത്തിലെ തട്ടിപ്പും ദുരുപയോഗവും തടയാനുമാണ് ഈ നീക്കമെന്നാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ വിശദീകരണം.
ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് ഒരിക്കലും അമേരിക്കൻ തൊഴിൽ വിപണിയിലേക്കുള്ള പിൻവാതിലോ, വിലകുറഞ്ഞ തൊഴിലിനുള്ള സബ്സിഡിയോ, സംവിധാനത്തെ കബളിപ്പിക്കുന്നവർക്കുള്ള സമ്മാനമോ അല്ല യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു. വിദേശ തൊഴിലാളികളെ കൊണ്ടുവരാനുള്ള പൈപ്പ് ലൈനായി മാറിയ ഒരു പ്രോഗ്രാമിനോട് അമേരിക്കൻ തൊഴിലാളികൾ മത്സരിക്കേണ്ടതില്ല യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് കൂട്ടിച്ചേർത്തു.
നിലവിലെ നിയമം അനുസരിച്ച്, പഠന വിഷയവുമായി നേരിട്ട് ബന്ധമുള്ള ജോലികളിൽ ഏർപ്പെടാനാണ് F-1 വിദ്യാർഥികൾക്ക് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് അനുവദിക്കുന്നത്. ഇതിന് സ്കൂളിലെ ഡെസിഗ്നേറ്റഡ് സ്കൂൾ ഒഫീഷ്യലിന്റെ ശിപാർശയും, യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ നിന്നുള്ള തൊഴിൽ അനുമതിയും ആവശ്യമാണ്.
പഠനത്തിനിടയിലും പഠനം പൂർത്തിയാക്കിയ ശേഷവും വിദ്യാർഥികൾക്ക് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിന് അപേക്ഷിക്കാം. ഓരോ വിദ്യാഭ്യാസ തലത്തിലും 12 മാസം വരെയാണ് ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് ലഭിക്കുക. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളിൽ ബിരുദം നേടുന്നവർക്ക് 24 മാസത്തെ അധിക എക്സ്റ്റൻഷനും ലഭിക്കും.
എന്നാൽ ഇതിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടിയതോടെ നിരവധി തട്ടിപ്പുകൾ കണ്ടെത്തിയതായാണ് സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം പറയുന്നത്. സ്കൂളുകൾ, തൊഴിലുടമകൾ, വിദ്യാർഥികൾ എന്നിവർ ചേർന്ന് നിലവിലെ നിയമങ്ങളെ ചൂഷണം ചെയ്യുന്നുവെന്നും, പ്രശ്നകരമായ തൊഴിലിടങ്ങളും 'പേ-ടു-സ്റ്റേ' വിസ തട്ടിപ്പുകളും വ്യാപകമാണെന്നും യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിക്കുന്നു.
പുതിയ ഫീസ് ഏർപ്പെടുത്തുന്നതോടെ, വിദ്യാർഥികളെ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിന് ശിപാർശ ചെയ്യുന്നതിൽ സ്കൂളുകൾ കൂടുതൽ ജാഗ്രതയും മേൽനോട്ടവും പുലർത്തുമെന്നും, ഇത് തട്ടിപ്പ് കുറക്കാൻ സഹായിക്കുമെന്നുമാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ പ്രതീക്ഷ.
നിർദ്ദേശത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒക്ടോബർ 8 മുതൽ നവംബർ 9 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫെഡറൽ രജിസ്റ്റർ നോട്ടീസിൽ അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട രീതിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷം നിയമത്തിൽ ഭേദഗതി വരുത്താനും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

