ജയിലിൽ ജോലി ചെയ്ത് ലഭിച്ച വേതനം ഫലസ്തീന് സംഭാവനയായി നൽകി യു.എസ് തടവുകാരൻ
text_fieldsവാഷിങ്ടൺ: ജയിലിൽ ജോലി ചെയ്ത് ലഭിച്ച വേതനം ഫലസ്തീന് സംഭാവനയായി നൽകി യു.എസിലെ ജയിൽപുള്ളി. ശമ്പളമായി ലഭിച്ച 17.74 ഡോളറാണ് ജയിൽപുള്ളിയായ ഹംസ സംഭാവന ചെയ്തത്. ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകൻ ജസ്റ്റിൻ മഷ്റൂഫാണ് ഹംസ സഹായം നൽകിയതിനെ കുറിച്ച് എക്സിലൂടെ അറിയിച്ചത്.
തടവിലാക്കപ്പെട്ട ഒരു സഹോദരൻ ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 17.74 ഡോളർ നൽകിയെന്ന് മഷ്റൂഫ് എക്സിലൂടെ അറിയിച്ചു. ജയിലിൽ ചുമട്ടുതൊഴിലാളിയായും കാവൽക്കാരനായും 136 മണിക്കൂർ ജോലി ചെയ്തതിന്റെ വേതനമാണ് ഹംസ ഫലസ്തീനായി നൽകിയതെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.
മഷ്റൂഫിന്റെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ഹംസക്കായി ധനശേഖരണം തുടങ്ങി. ഗോഫണ്ട്മീ കാമ്പയിനിലൂടെ 100000 ഡോളറാണ് ഹംസക്കായി സ്വരൂപിച്ചത്. ഒരു ദിവസം 15,000 ഡോളർ സ്വരൂപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പ്രതീക്ഷിച്ചതിലും കൂടുതൽ തുക ലഭിച്ചതോടെ ധനശേഖരണം നിർത്തിവെച്ചു.
തനിക്കായി സംഭാവന പിരിക്കുന്നത് നിർത്തണമെന്ന് ഹംസ അഭ്യർഥിച്ചിരുന്നു. തന്നേക്കാളും ദുരിതമനുഭവിക്കുന്നവരിൽ നിന്നും ശ്രദ്ധ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞതായി മഷ്റൂഫ് അറിയിച്ചു. 56കാരനായ ഹംസ 1989ലാണ് ഇസ്‍ലാം മതം സ്വീകരിച്ചത്. 40 വർഷത്തോളമായി ജയിലിൽ കഴിയുന്ന ഹംസ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
അബദ്ധത്തിൽ ബന്ധുവിനെ വെടിവെച്ച് കൊന്ന കുറ്റത്തിനാണ് 80കളിൽ ഹംസ ജയിലിലായത്. തുടർന്ന് നാല് പതിറ്റാണ്ടായി ഹംസ ജയിലിലായിരുന്നുവെന്ന് മഷ്റൂഫ് അറിയിച്ചു. നിലവിൽ ലഭിച്ചിട്ടുള്ള തുക ഹംസ ജയിലിൽ നിന്നും ഇറങ്ങിയാലുള്ള പുനരധിവാസത്തിന് വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

