ഡോണാൾഡ് ട്രംപിന്റെ പടയിളക്കം; പടക്കപ്പലുകൾ തിരിച്ചു, യു.എസ് ലക്ഷ്യം ഇറാനിൽ ഭരണ അട്ടിമറി?
text_fieldsആഗോള മാധ്യമ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ആസന്ന മണിക്കൂറുകളിൽതന്നെ ഇറാനിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ ഡോണാൾഡ് ട്രംപിന്റെ അമേരിക്കയും പങ്കുചേരും. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ, അമേരിക്കയുടെ 30 ടാങ്കർ എയർക്രാഫ്റ്റുകൾ യൂറോപ് ലക്ഷ്യമാക്കി കുതിച്ചിട്ടുണ്ട്.
ബോംബറുകൾക്കും ഫൈറ്റർ ജെറ്റുകൾക്കും ഇന്ധനം നിറയ്ക്കാനും മറ്റുമാണ് ടാങ്കർ എയർക്രാഫ്റ്റുകൾ ഉപയോഗിക്കുക. ബുധാനഴ്ച ഒരു ബാച്ച് കൂടി പുറപ്പെട്ടു. ദക്ഷിണ ചൈന കടലിൽ നങ്കൂരമിട്ടിരുന്ന അമേരിക്കയുടെ യു.എസ്.എസ് നിമിറ്റ്സ് എന്ന വിമാനവാഹിനി കപ്പലും ഇറാൻ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്.
ഈ നീക്കങ്ങൾക്ക് അകമ്പടിയായി ട്രംപിന്റെ ചില പ്രസ്താവനകളുമുണ്ട്. ജൂൺ 12വരെയും നയതന്ത്രത്തിലുടെ പ്രശ്നപരിഹരം എന്ന നിലപാട് സ്വീകരിച്ച അദ്ദേഹം കഴിഞ്ഞ ദിവസം ജി 7 ഉച്ചകോടിയിൽ നിന്ന് ഒരു ദിവസം മുന്നേ മടങ്ങുമ്പോൾ പറഞ്ഞത്, ചർച്ചക്കുള്ള ‘മൂഡ്’ ഇല്ലെന്നാണ്. തൊട്ടടുത്ത മണിക്കൂറുകളിൽ ഖാംനഈയുടെ നിരുപാധിക കീഴടങ്ങലും അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങൾ ഇതോടെ വ്യക്തം: ഇറാൻ ആണവായുധം കൈവശപ്പെടുത്തിയെന്ന ആരോപണവുമായി തുടങ്ങിയ ചർച്ചയും അതുകഴിഞ്ഞുള്ള വ്യോമാക്രമണങ്ങളും ഇപ്പോഴത്തെ ട്രംപിന്റെ പടയിളക്കവുമെല്ലാം ഒടുവിൽ എത്തിനിൽക്കുന്നത് ഭരണ അട്ടിമറി എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്.
ഇന്റലിജൻസിൽ അവിശ്വാസം
യു.എസ് ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർ കഴിഞ്ഞ മാർച്ചിൽ യു.എസ് കോൺഗ്രസിൽവെച്ച റിപ്പോർട്ട് പ്രകാരം, ഇറാൻ ആണവായുധങ്ങൾ വികസിപ്പിച്ചിട്ടില്ല. 2003നുശേഷം അത്തരം ഗവേഷണങ്ങളിൽനിന്ന് അവർ സമ്പൂർണമായി പിന്മാറിയെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഗബ്ബാറിനെ തള്ളുകയാണ് ട്രംപ്. ‘അവരെ ആര് ശ്രദ്ധിക്കുന്നു’വെന്നാണ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. മാത്രമല്ല, മുഴുനീള ഡേവിഡ് ക്യാമ്പ് യോഗത്തിലേക്ക് ഗബ്ബാറിനെ ട്രംപ് ക്ഷണിച്ചതുമില്ല.
ഇല്ലാത്ത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജ്യങ്ങൾക്കിടയിൽ ഭീതിപരത്തരുതെന്ന അവരുടെ ഏതാനൂം ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്ന വിഡിയോയും ട്രംപിനെ അതൃപ്തനാക്കിയിട്ടുണ്ട്. ഭരണപക്ഷത്തുള്ള ഇത്തരം എതിർസ്വരങ്ങളെയെല്ലാം അവഗണിച്ചാണ് ട്രംപ് ഇപ്പോൾ പടക്കിറങ്ങിയിരിക്കുന്നത്. ഇറാനിലെ ഖൂമിലുള്ള ഫൂർദൂവ് ആണവ നിലയം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പുതിയ സൈനിക നീക്കത്തിനുള്ള ന്യായങ്ങൾ. ഭൂമിക്കടിയിലുള്ള ഈ നിലയം കേന്ദ്രീകരിച്ചാണ് ഇറാന്റെ ആണവ സമ്പുഷ്ടീകരണമെന്നും അതു തകർക്കാനുള്ള ശേഷി ഇസ്രായേലിനില്ലാത്തതിനാൽ തങ്ങൾ നേരിട്ട് ഇറങ്ങുന്നെന്നുമാണ് ട്രംപ് പ്രസ്താവിച്ചത്. ജൂൺ 13ന് ഇസ്രായേൽ ഇവിടെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
മധ്യസ്ഥനാകാമെന്ന് പുടിൻ
മോസ്കോ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് ഉടൻ പരിഹാരം കാണണമെന്നും മധ്യസ്ഥതക്കായി സഹായിക്കാമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാനുമായുള്ള ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റഷ്യൻ വാർത്ത ഏജൻസിയായ താസ് റിപ്പോർട്ട് ചെയ്തു. ഇരുനേതാക്കളും സംഘർഷത്തിൽ അതിയായ ആശങ്ക പ്രകടിപ്പിച്ചു. മറ്റ് ലോകനേതാക്കളുമായി സംസാരിച്ച കാര്യവും പുടിൻ യു.എ.ഇ പ്രസിഡന്റിനോട് വിവരിച്ചു.
ഇസ്രായേലിനുള്ള യു.എസ് സഹായം മധ്യേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് മുന്നറിയിപ്പ് നൽകി. തന്റെ രാജ്യം ഇസ്രായേലുമായും ഇറാനുമായും ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ തയാറാകണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ ഇറാൻ നേതാക്കളോട് അഭ്യർഥിച്ചു. പരിഹാരം ചർച്ച ചെയ്യാൻ തയാറാണ്. എന്നിരുന്നാലും ഇറാൻ അടിയന്തരമായി നടപടിയെടുക്കണം. ആത്മാർഥമായ ഉദ്ദേശ്യത്തോടെ സമീപിച്ചാൽ ചർച്ച ഒരിക്കലും വൈകില്ലെന്ന് ജോഹാൻ വാഡെഫുൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

