‘ഇന്ത്യയും ചൈനയും നരകക്കുഴികൾ’ -വംശീയ അധിക്ഷേപവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുള്ള അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്റെ വംശീയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനനാനുസൃത പൗരത്വ നിയമത്തെ വിമർശിച്ച് നടത്തിയ പ്രസംഗത്തിലാണ് സാവേജ് ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’എന്ന് വിശേഷിപ്പിച്ചത്. മൈക്കൽ സാവേജിന്റെ ‘സാവേജ് നേഷൻ’ എന്ന പോഡ്‌കാസ്റ്റിലെ ട്രാൻസ്‌ക്രിപ്റ്റും വീഡിയോയുമാണ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.
ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും മറ്റ് ‘നരകക്കുഴികളിൽ’ നിന്നുമാണ് ആളുകൾ അമേരിക്കയിലേക്ക് വരുന്നത്. ഗർഭത്തിന്റെ ഒമ്പതാം മാസത്തിൽ അമേരിക്കയിൽ വന്ന് പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് ഉടൻതന്നെ യു.എസ് പൗരത്വം ലഭിക്കുന്നുവെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സാവേജ് ആരോപിച്ചു.
ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ’ എന്നാണ് സാവേജ് വിളിച്ചത്. ഇവർ അമേരിക്കൻ പതാകയെ അപമാനിച്ചുവെന്നും മാഫിയാ കുടുംബങ്ങളെക്കാൾ വലിയ ദോഷം രാജ്യത്തിന് വരുത്തിയെന്നും അദ്ദേഹം അധിക്ഷേപിച്ചു. കാലിഫോർണിയയിലെ ഹൈടെക് കമ്പനികളിൽ വെള്ളക്കാർക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ട്. അവിടുത്തെ സംവിധാനങ്ങളെല്ലാം ഇന്ത്യക്കാരും ചൈനക്കാരും കൈക്കലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, അമേരിക്കയിൽ ജനിക്കുന്നവർക്ക് തനിയെ പൗരത്വം ലഭിക്കുന്ന രീതി അവസാനിപ്പിക്കണമെന്നത് ട്രംപിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. 2025 ജനുവരിയിൽ അധികാരമേറ്റ ശേഷം ഇതിനായി അദ്ദേഹം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നിലവിൽ അമേരിക്കൻ സുപ്രീം കോടതി ഈ വിഷയത്തിൽ വാദം കേൾക്കുകയാണ്. അമേരിക്കൻ ഭരണഘടനയുടെ 14ാം ഭേദഗതി പ്രകാരം പൗരത്വം ഉറപ്പുനൽകുന്നുണ്ടെന്നതാണ് ഇതിലെ നിയമപരമായ തടസ്സം. കാനഡ, മെക്സിക്കോ തുടങ്ങി ലോകത്തെ മുപ്പതിലധികം രാജ്യങ്ങളിൽ നിലവിൽ ജനനാനുസൃത പൗരത്വം നിലവിലുണ്ട്.
സി.എൻ.ബിസിയുമായുള്ള അഭിമുഖത്തിനിടെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഴികെ ‘ലോകത്തിലെ ഒരു രാജ്യവും’ ജന്മാവകാശ പൗരത്വം നൽകുന്നില്ലെന്ന് സാവേജ് തെറ്റായ അവകാശവാദം ഉന്നയിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ സാവേജിന്റെ വംശീയ അധിക്ഷേപം പോസ്റ്റ് ചെയ്തിരിക്കുന്നത്.
യു.എസ് അയൽക്കാരായ കാനഡ, മെക്സിക്കോ, ഭൂരിഭാഗം ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം മൂന്ന് ഡസൻ രാജ്യങ്ങൾ സ്വന്തം മണ്ണിൽ ജനിക്കുന്ന ആളുകൾക്ക് യാന്ത്രിക പൗരത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

