'സമാധാനത്തിലേക്ക് വരണം'; ഇറാൻ തിരിച്ചടിച്ചാൽ ഇന്ന് കണ്ടതിനേക്കാൾ വലിയ ആക്രമണമുണ്ടാകുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ ഡി.സി: യു.എസിനെതിരെ ഇറാൻ ഏതെങ്കിലും വിധത്തിൽ തിരിച്ചടിച്ചാൽ ഇന്നുണ്ടായതിനേക്കാൾ വലിയ ആക്രമണം നേരിടേണ്ടിവരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാൻ സമാധാനത്തിലേക്ക് വരണമെന്നും ട്രംപ് പറഞ്ഞു.
ഇറാനിൽ യു.എസ് സൈന്യം നടത്തിയ ദൗത്യം വിജയകരമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ട്. സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കും. ഒന്നുകിൽ സമാധാനം, അല്ലെങ്കിൽ ഇറാന് നാശമാണെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ യു.എസ് ആക്രമണം യു.എസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണ്. യു.എസിന്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന തീരുമാനമാണെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനും ട്രംപ് നന്ദി പറഞ്ഞു. 'ഞാനും ഇസ്രായേൽ പ്രധാനമന്ത്രിയും ഒരു ടീമായി പ്രവർത്തിച്ചു. മുമ്പ് ആരും പ്രവർത്തിച്ചിട്ടില്ലാത്തതുപോലെ, ഞങ്ങൾ ഒരു ടീമായി പ്രവർത്തിച്ചു, ഇസ്രായേലിന് നേരെയുള്ള ഭയാനകമായ ഭീഷണി ഇല്ലാതാക്കുന്നതിൽ ഞങ്ങൾ വളരെ ദൂരം സഞ്ചരിച്ചു. ഇസ്രായേൽ സൈന്യത്തിനും ഞാൻ നന്ദി പറയുന്നു' -ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം നടത്തിയത്. യു.എസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം. അമേരിക്ക യുദ്ധത്തിൽ അണിനിരന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

