Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ നാണയത്തിൽ...

അമേരിക്കൻ നാണയത്തിൽ ട്രംപിന്റെ ചിത്രം; 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഡോളർ പുറത്തിറങ്ങുന്നു

text_fields
bookmark_border
US
cancel

വാഷിങ്ടൺ: നിയമപരമായ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ, അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡോണൾഡ് ട്രംപിന്റെ ചിത്രം പതിച്ച ഒരു ഡോളർ നാണയം പുറത്തിറങ്ങാൻ ഒരുങ്ങുന്നു. യു.എസ് കറൻസിയിൽ ഒരു ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഇതാദ്യമാണ്. ബുധനാഴ്ച ട്രഷറി ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ ശരത്കാലത്തിൽ നാണയം പ്രചാരത്തിൽ വരും. അമേരിക്കയുടെ 250-ാം ജന്മദിനമായ 'സെമിക്കുവിൻസെന്റനിയൽ' ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നാണയം പുറത്തിറക്കുന്നത്.

നേരത്തെ അംഗീകരിച്ച ഡിസൈനിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് അന്തിമ നാണയം പുറത്തിറങ്ങുന്നത്. സ്വർണ്ണത്തിൽ നിർമിക്കുന്നതിന് പകരം, സ്വർണ്ണനിറത്തിലുള്ള ഫിനിഷിങ്ങാണ് നാണയത്തിനുള്ളത്. നാണയത്തിന്റെ മുൻവശത്ത് സ്യൂട്ടും ടൈയും ധരിച്ച ഗൗരവഭാവത്തിലുള്ള ട്രംപിന്റെ ചിത്രമുണ്ട്. കൂടാതെ “ഇൻ ഗോഡ് വി ട്രസ്റ്റ്”എന്ന വാചകവും “ലിബർട്ടി”, “1776-2026” എന്നീ വാക്കുകളും ആലേഖനം ചെയ്തിട്ടുണ്ട്. 1776ൽ അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനം മുതൽ 2026 വരെയുള്ള 250 വർഷത്തെ ഇത് സൂചിപ്പിക്കുന്നു. നാണയത്തിന്റെ പുറകുവശത്ത് യു.എസിന്റെ ഗ്രേറ്റ് സീൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിൽ ഒരു നഖത്തിൽ അമ്പുകളും മറ്റൊന്നിൽ ഒലിവ് കൊമ്പും പിടിച്ച നിലയിലുള്ള കഴുകനെ കാണാം, ഒപ്പം “250” എന്ന സംഖ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെയുള്ള ഡിസൈനുകളിൽ ട്രംപ് മേശയിൽ കൈകൾ വെച്ച് മുന്നോട്ട് ചാഞ്ഞിരിക്കുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ അന്തിമ പതിപ്പിൽ ഇത് ഒഴിവാക്കി. ജീവിച്ചിരിക്കുന്ന വ്യക്തികളെ കറൻസിയിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന 1866ലെ നിയമം നിലനിൽക്കെയാണ് ഈ തീരുമാനമെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അമേരിക്ക ഒരു രാജവാഴ്ചയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന പ്രതീതി ഒഴിവാക്കാനാണ് അന്ന് അത്തരമൊരു നിയമം കൊണ്ടുവന്നത്.

എന്നാൽ, 2020ൽ ട്രംപ് തന്നെ ഒപ്പുവെച്ച 'സർക്കുലേറ്റിങ് കളക്ടബിൾ കോയിൻ റീഡിസൈൻ ആക്ട്' പ്രകാരം ഈ നാണയം നിയമപരമാണെന്നാണ് ട്രഷറി വകുപ്പിന്റെ വാദം. 250-ാം വാർഷികത്തിന്റെ പ്രതീകാത്മകമായ രൂപകല്പനകൾ നാണയത്തിൽ ഉൾപ്പെടുത്താൻ ഈ നിയമം അധികാരം നൽകുന്നുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.

ഈ തീരുമാനത്തെക്കുറിച്ച് ഫോക്സ് ബിസിനസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചു. ഇത് അസാധാരണമായ ഒന്നാണെന്നും താൻ ഇതിൽ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അവർ എനിക്കൊരു നാണയം നൽകിയത് വളരെ മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ യു.എസ് പേപ്പർ കറൻസിയിൽ തന്റെ ഒപ്പ് രേഖപ്പെടുത്താനും ട്രംപ് ഭരണകൂടം നടപടികൾ സ്വീകരിച്ചിരുന്നു. കെന്നഡി സെന്റർ, യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേര് മാറ്റിയതുൾപ്പെടെ അമേരിക്കൻ സ്ഥാപനങ്ങളിലും സ്മാരകങ്ങളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമങ്ങൾ ട്രംപ് തുടരുകയാണ്.

എന്നാൽ ഈ നീക്കത്തിനെതിരെ ശക്തമായ രാഷ്ട്രീയ വിമർശനങ്ങളാണ് ഉയരുന്നത്. ട്രംപ് തന്റെ പേരും ചിത്രവും സർക്കാർ രേഖകളിലും നാണയങ്ങളിലും അമിതമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. അമേരിക്ക ഒരു രാജവാഴ്ചയല്ലെന്നും, അതിനാൽ നാണയത്തിൽ മുഖം പതിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സെനറ്റർ കാർട്ടെസ് മാസ്റ്റോ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സെനറ്റർമാർ ട്രഷറി വകുപ്പിന്റെ ഇന്റേണൽ വാച്ച്ഡോഗിന് കത്ത് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidentus treasuryAmerican DollarDonald Trump
News Summary - US President Donald Trump welcomes new $1 coin with his face on it
Next Story