സ്വന്തം എ.ഐ അപരനെ വെച്ച് പ്രസിഡന്റ് സ്ഥാനാർഥി; പണികിട്ടി നിർമാതാക്കൾ
text_fieldsഡീൻ ഫിലിപ്
പേരിലെ സാമ്യം മുതലെടുത്ത് സ്ഥാനാർഥിക്ക് പണികൊടുക്കാൻ എതിർപാർട്ടിയാണല്ലോ അപരനെ ഇറക്കാറ്. എന്നാൽ, സ്ഥാനാർഥി സ്വയം തന്റെ അപരനെ ഇറക്കിയിരിക്കുകയാണ് യു.എസിൽ. പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മത്സര രംഗത്തുള്ള പ്രതിനിധി സഭാംഗം ഡീൻ ഫിലിപ്പാണ്, ‘എ.ഐ അപരനെ’ ഇറക്കി കളംപിടിക്കാൻ നോക്കിയത്. ഡീൻ ഫിലിപ്പിന്റെ ശബ്ദത്തിൽ, ഡീനെന്നുപറഞ്ഞ് വോട്ടർമാരുമായി സംവദിക്കാൻ ‘വോയ്സ് ബോട്ട്’ നിർമിച്ചായിരുന്നു കളി. എന്നാൽ സംഗതി പുറത്തറിഞ്ഞതോടെ ‘ബോട്ട്’ വികസിപ്പിച്ച വിദഗ്ധർക്ക് പണികിട്ടിയിരിക്കുകയാണ്. ചാറ്റ് ജി.പി.ടി ഉപജ്ഞാതാക്കളായ ഓപൺ എ.ഐയിലെ വിദഗ്ധരായ മാറ്റ് ക്രിസിലോഫ്, ജെഡ് സോമേഴ്സ് എന്നിവർ ചേർന്ന് 10 ലക്ഷം ഡോളറിനാണ് അപരനെ വികസിപ്പിച്ചത്. ഇതേത്തുടർന്ന്, കമ്പനി നയത്തിന് വിരുദ്ധമായി നിർമിത ബുദ്ധി വിദ്യ ദുരുപയോഗം ചെയ്തതിന് ഇരുവർക്കുമെതിരെ നടപടിയെടുത്തിരിക്കുകയാണ് ഓപൺ എ.ഐ.

