വെനിസ്വേലയിൽ ഭരണമാറ്റത്തിനൊരുങ്ങി യു.എസ്? മുൾമുനയിൽ രാജ്യം
text_fieldsകാരകാസ്: മദൂറോ സർക്കാറിനെ പുറത്താക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരുക്കൾ നീക്കുന്നതായി വെനിസ്വേലയിൽ ആശങ്ക.
ആഴ്ചകൾക്ക് മുമ്പ് മയക്കുമരുന്ന് സംഘം സഞ്ചരിച്ചെന്ന പേരിൽ അമേരിക്ക വെനിസ്വേലൻ ബോട്ടുകൾ ആക്രമിച്ചിരുന്നു. നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണ പരമ്പരയെ തുടർന്ന് പ്രതിസന്ധിയിലായ നയതന്ത്ര ബന്ധം പൂർവ സ്ഥിതിയിലെത്തിക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് ട്രംപ് തന്റെ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളുമായി താൻ പോരാട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസിൽ അദ്ദേഹം പ്രഖ്യാപനം നടത്തിയിരുന്നു.
ബോട്ടുകൾ ആക്രമിച്ച ട്രംപ് വെനിസ്വേലക്കകത്ത് വ്യേമാക്രമണവും പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. ഇതുൾപ്പെടുന്ന രണ്ടാം ഘട്ട ആക്രമണം സംബന്ധിച്ച് വ്യാഴാഴ്ച മുതിർന്ന സൈനിക നേതാക്കളുമായി ട്രംപ് സംസാരിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ജനുവരിയിൽ ട്രംപ് രണ്ടാമൂഴത്തിൽ ചുമതലയേറ്റതു മുതൽ വെനിസ്വേലയുമായി സംഘർഷം മൂർഛിച്ചിട്ടുണ്ട്.
‘യുദ്ധം നിർത്തിയത് ഞാൻതന്നെ’ അവകാശവാദം വിടാതെ ട്രംപ്
ന്യൂയോർക്: പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവകൾ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള നടപടിയായാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘‘തീരുവ അമേരിക്കക്ക് അതിപ്രധാനമാണ്. തീരുവ കാരണം ഞങ്ങൾക്ക് ശതകോടികൾ ലഭിക്കുന്നുവെന്ന് മാത്രമല്ല, ഞങ്ങൾ സമാധാനപാലകരുമായി. ഇന്ത്യ-പാകിസ്താൻ സംഭവത്തിൽ അവർ ആക്രമണത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. ഏഴ് വിമാനങ്ങളാണ് വെടിവെച്ചുവീഴ്ത്തപ്പെട്ടത്. അവർ ഇരുവരും ആണവ ശക്തികളുമാണ്. എന്തു പറഞ്ഞെന്ന് ഞാൻ പറയില്ലെങ്കിലും ഞാൻ പറഞ്ഞത് ഫലം ചെയ്തു. അവർ നിർത്തി. അത് തീരുവ അടിസ്ഥാനമാക്കിയായിരുന്നു. അത് വ്യാപാരം മുൻനിർത്തിയായിരുന്നു’’ -ട്രംപ് പറഞ്ഞു.
എന്നാൽ, സംഘർഷം അവസാനിപ്പിക്കാൻ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

