അമേരിക്കയിലെ അഫ്ഗാന്‍ കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി ട്രംപ് ഭരണകൂടം; നടപടി പാകിസ്താനെ ഇടനിലക്കാരാക്കി
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതോടെ താലിബാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിലേക്ക് ഇവരെ തിരിച്ചയക്കുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടനകളും അഫ്ഗാൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും രംഗത്തെത്തി. യു.എസ്. അധികൃതരെ ഉദ്ധരിച്ച് ലഭിച്ച വിവരം അന്താരാഷ്ട്രതലത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ ആദ്യ വിമാനം പുറപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.
അഫ്ഗാനിസ്താനിലേക്ക് നേരിട്ട് നാടുകടത്തൽ നടത്താൻ അമേരിക്കയ്ക്ക് കഴിയാത്ത സാഹചര്യത്തിൽ പാകിസ്താനെ ഇടനിലക്കാരാക്കിയാണ് നടപടി. താലിബാൻ അധികാരത്തിലുള്ള അഫ്ഗാനിസ്താനുമായി അമേരിക്കയ്ക്ക് നിലവിൽ നയതന്ത്രബന്ധമില്ല. അതിനാൽ പാകിസ്താനിലെത്തിക്കുന്ന അഫ്ഗാൻ പൗരന്മാരെ അവിടെനിന്ന് അതിർത്തി കടത്തി അഫ്ഗാനിസ്താനിലേക്ക് തിരിച്ചയക്കാനാണ് പദ്ധതി. യു.എസിലെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവരെ അടുത്തിടെ ലൂസിയാനയിലെ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.
അമേരിക്കൻ സൈന്യത്തെ സഹായിച്ചിരുന്ന അഫ്ഗാനിസ്താനിലെ ബന്ധുക്കളും ഈ പട്ടികയിലുണ്ടെന്നാണ് വിവരം. 2021ൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ രാജ്യംവിട്ടവരിൽ ചിലർക്ക് അമേരിക്ക പ്രത്യേക കുടിയേറ്റ വിസകൾ അനുവദിച്ചിരുന്നു. എന്നാൽ, അഫ്ഗാനിസ്താനിൽനിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കഴിഞ്ഞവർഷം വിവിധ രാജ്യങ്ങൾക്കു യാത്രാവിലക്കേർപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം അഫ്ഗാൻ പൗരന്മാരുടെ ചില സംരക്ഷണങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു.
അഫ്ഗാനിസ്താനിലെത്തിയാൽ ഈ 150ഓളം പേർ താലിബാന്റെ പ്രതികാര നടപടികൾ നേരിടേണ്ടിവരുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആശങ്ക. അമേരിക്കൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചവരുടെ കുടുംബാംഗങ്ങളെ താലിബാൻ ലക്ഷ്യമിടാനും സാധ്യതയുണ്ടെന്ന് അഫ്ഗാൻ പൗരന്മാരെ സഹായിക്കുന്ന 'അഫ്ഗാൻഇവാക്' പ്രസിഡന്റ് ഷോൺ വാൻഡൈവർ പറഞ്ഞു.
അതേസമയം, നടപടിയുടെ ഭാഗമാകുന്ന പാകിസ്താന്റെ നിലപാടും ആശങ്ക വർധിപ്പിക്കുന്നുണ്ട്. 2023 മുതൽ ഇതുവരെ 27 ലക്ഷത്തിലേറെ അഫ്ഗാൻ പൗരന്മാരെ പാകിസ്താൻ നാടുകടത്താൻ നിർബന്ധിച്ചിരുന്നു. വിസയില്ലാതെ രാജ്യത്ത് കഴിയുന്ന അഫ്ഗാൻ പൗരന്മാരെ അറസ്റ്റ് ചെയ്യാനും തിരിച്ചയക്കാനും പാകിസ്താൻ നടപടികൾ സ്വീകരിച്ചുവരികയാണ്. രാജ്യത്ത് ശേഷിക്കുന്ന ഏകദേശം 15 ലക്ഷം അഫ്ഗാൻ പൗരന്മാരെയും തിരിച്ചയക്കുമെന്നാണ് പാകിസ്താന്റെ നിലപാട്.
അതേസമയം, അമേരിക്കയുടെ നീക്കം തടയണമെന്നും നാടുകടത്തൽ നേരിടുന്നവർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. വിഷയത്തിൽ അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രതികരിച്ചിട്ടില്ല. താലിബാൻ അധികൃതരിൽനിന്നും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

