യുക്രെയ്നുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്തിവെച്ച് യു.എസ്; തീരുമാനം ട്രംപ്-സെലൻസ്കി ചർച്ച അലസിപ്പിരിഞ്ഞതിനു പിന്നാലെ
text_fieldsവാഷിങ്ടൺ: യുക്രെയ്നുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്തിവെക്കാൻ യു.എസ് തീരുമാനം. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചിരുന്നു.
പിന്നാലെയാണ് യുക്രെയ്ന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം യു.എസിൽനിന്നുണ്ടായത്. ചർച്ച അലസിപ്പിരിഞ്ഞതോടെ യുക്രെയ്ന്‍റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യു.എസിന് നൽകുന്നതിനുള്ള കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്. യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി യു.കെയിലെത്തിയ സെലൻസ്കിക്ക് വലിയ വരവേൽപാണ് നേതാക്കൾ നൽകിയത്. ഇതും യു.എസിനെ ചൊടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ തയാറാകുന്നതുവരെ യുക്രെയ്നുള്ള സൈനിക സഹായം നിർത്തിവെക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
സമാധാനത്തിനു വേണ്ടിയാണു യു.എസ് പ്രസിഡന്റ് നിലകൊള്ളുന്നതെന്നും ആ ലക്ഷ്യത്തിൽ യു.എസിന്റെ പങ്കാളികളും ചേരണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജോ ബൈഡൻ സർക്കാർ യുക്രെയ്ന് 65 ബില്യൻ ഡോളർ സൈനിക സഹായമാണു വാഗ്ദാനം ചെയ്തിരുന്നത്. ട്രംപ് വന്നതോടെ പുതിയ സഹായങ്ങളൊന്നും വാഗ്ദാനം ചെയ്തിരുന്നില്ല. യു.എസ് തീരുമാനത്തിൽ സെലൻസ്‌കിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ യുക്രെയ്ന് കൈമാറാനായി പോളണ്ടിലും മറ്റും എത്തിച്ച സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്തിവെക്കാനും നിർദേശം നൽകി. റഷ്യക്കെതിരെ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്ന സെലൻസ്കിയുടെ അഭ്യർഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സമാധാനക്കരാർ ഉണ്ടാക്കാൻ സന്നദ്ധമായാൽ മടങ്ങിവരൂവെന്ന് പറഞ്ഞാണ് സെലൻസ്കിയെ വൈറ്റ് ഹൗസിൽനിന്ന് അപമാനിച്ച് വിട്ടത്. പിന്നാലെ ഇരു നേതാക്കളും ചേർന്ന് നടത്താനിരുന്ന പത്രസമ്മേളനവും റദ്ദാക്കി.
റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്ന് സൈനികമായി കൂടുതൽ സഹായം നൽകുന്നത് യു.എസായിരുന്നു. ഈ സഹായം നിലക്കുന്നത് യുക്രെയ്ന് വലിയ തിരിച്ചടിയാകും. ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ യുക്രെയ്നോട് അകലുകയും റഷ്യയോടടുക്കുകയും ചെയ്യുന്ന നിലപാടാണ് യു.എസിന്. യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്നൊപ്പം നിൽക്കുമ്പോഴും അവർക്ക് സൈനികമായി സഹായിക്കുന്നതിന് പരിമിതികളുണ്ട്. സെലൻസ്കിയെ ഏകാധിപതിയെന്നാണ് ട്രംപ് വിളിച്ചിരുന്നത്.
അതേസമയം, കാനഡക്കും മെക്‌സിക്കോക്കും എതിരെ യു.എസ് ചുമത്തിയ താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. തീരുമാനത്തിൽ മാറ്റമില്ലെന്നും നേരത്തെ തീരുമാനിച്ച പോലെ താരിഫുകൾ മാർച്ച് നാലിന് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി. കാനഡയിൽനിന്നും മെക്‌സിക്കോയിൽനിന്നുമുള്ള ഇറക്കുമതികൾക്ക് 25 ശതമാനം താരിഫുകളും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10 ശതമാനം അധിക താരിഫുകളുമാണ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

