Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മെക്സിക്കോ ജനസംഖ്യയോളം വരുന്ന 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടി ‘വിദേശി'കളാക്കി'; ലക്ഷ്യമിട്ടത് മുസ്‌ലിംകളെയെന്ന് യുഎസ് സമിതി

text_fields
bookmark_border
മെക്സിക്കോ ജനസംഖ്യയോളം വരുന്ന 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടി ‘വിദേശികളാക്കി; ലക്ഷ്യമിട്ടത് മുസ്‌ലിംകളെയെന്ന് യുഎസ് സമിതി
cancel

വാഷിങ്ടൺ: രാജ്യവ്യാപകമായി കോടിക്കണക്കിന് പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വോട്ടർ പട്ടിക പരിഷ്കരണത്തിനിടെ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്ന നടപടികൾ ശക്തമായതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ (USCIRF) ആരോപിച്ചു. മുസ്‌ലിം പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ‘വിദേശികൾ’ എന്ന് മുദ്രകുത്തി അനധികൃതമായി നാടുകടത്തുകയും ചെയ്യുകയാണെന്ന് കമ്മീഷൻ അധ്യക്ഷൻ ആസിഫ് മഹ്മൂദ് പ്രസ്താവനയിൽ പറഞ്ഞു. മെക്സിക്കോയുടെ ജനസംഖ്യയോളം വരുന്ന ഏകദേശം 13 കോടി പേരെയാണ് വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ഒഴിവാക്കിയത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടർ പട്ടിക ഒഴിവാക്കലാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 2014-ൽ അധികാരത്തിൽ വന്നതിന് ശേഷം വിവേചനപരമായ നയങ്ങളും അതിക്രമങ്ങളും നേരിടുന്ന രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളെയാണ് ഒഴിവാക്കൽ ബാധിക്കുന്നതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇരട്ടിപ്പുകൾ, മരിച്ചവർ, താമസം മാറിയവർ, മറ്റ് അയോഗ്യർ എന്നിവരെ ഒഴിവാക്കാനാണ് നടപടിയെടുത്തതെന്നും തെറ്റായി ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാമെന്നുമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുന്നത് ഒരാൾ വിദേശിയാണെന്ന് തെളിയിക്കുന്നില്ലെങ്കിലും, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കാനുള്ള മറ്റൊരു നീക്കവുമായി പരിഷ്കരണം കൂടിക്കലർന്നിരിക്കുകയാണ്.

മുസ്‌ലിം വിശ്വാസത്തിന്റെ പേരിൽ സ്വന്തം പൗരന്മാരെ പുറത്താക്കുന്നത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്ന തന്ത്രങ്ങളുടെ ഞെട്ടിക്കുന്ന വർദ്ധനവാണെന്ന് കമ്മീഷൻ അംഗം ജീൻ മിൽസ് വ്യക്തമാക്കി. ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യം നിരീക്ഷിക്കുകയും നയപരമായ ശുപാർശകൾ നൽകുകയും ചെയ്യുന്ന യുഎസ് സർക്കാരിന്റെ ദ്വികക്ഷി സമിതിയാണ് യുഎസ്‌സിഐആർഎഫ് എന്നാൽ ഇവയുടെ ശുപാർശകൾക്ക് നിയമപരമായ ബാധ്യതയില്ല. ഇന്ത്യയെ സംബന്ധിച്ച സമീപകാല ശുപാർശകളിൽ അമേരിക്ക നടപടിയെടുത്തിട്ടില്ല.

യുഎസ്‌സിഐആർഎഫ് പക്ഷപാതപരമാണെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇത്തരം വിമർശനങ്ങൾ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ മുൻപും തള്ളിക്കളഞ്ഞിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ അമേരിക്കയിലെ ഇന്ത്യൻ എംബസി തയ്യാറായില്ല. കഴിഞ്ഞ ആഴ്ചകളിൽ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാൻ സാധ്യതയില്ലാത്തവരെയാണ് പരിഷ്കരണം ബാധിച്ചതെന്ന് പ്രതിപക്ഷവും വിദ്യാർഥി പ്രക്ഷോഭകരും ആരോപിച്ചു. പ്രതിഷേധങ്ങൾക്കെതിരെയുള്ള നടപടികളെ മനുഷ്യാവകാശ വിദഗ്ധർ അപലപിച്ചു. കഴിഞ്ഞ മാസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇത് ആഭ്യന്തര രാഷ്ട്രീയ വിഷയമാണെന്നും അഭിപ്രായം പറയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

മോദി ഭരണകൂടത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവെന്നാണ് ഐക്യരാഷ്ട്രസഭാ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും പറയുന്നത്. വിദ്വേഷ പ്രസംഗങ്ങൾ, മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം, മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ പൊളിച്ചുമാറ്റൽ, മുസ്‌ലിം ഭൂരിപക്ഷ മേഖലയായ കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞത്, മതവിശ്വാസ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന മതപരിവർത്തന വിരുദ്ധ നിയമങ്ങൾ എന്നിവ അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വിവേചനപരമായ സമീപനമില്ലെന്നും ഭക്ഷ്യ സബ്‌സിഡി, വൈദ്യുതീകരണം തുടങ്ങിയ പദ്ധതികൾ എല്ലാ വിഭാഗങ്ങൾക്കും ഗുണം ചെയ്യുന്നുണ്ടെന്നുമാണ് ഇന്ത്യൻ സർക്കാരിന്റെ വാദം. അതേസമയം, അമേരിക്കയിലും മുസ്‌ലിംകളോടുള്ള സമീപനത്തെ പൗരാവകാശ പ്രവർത്തകർ വിമർശിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ ഇസ്‌ലാമോഫോബിയ വർദ്ധിച്ചതായും തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ റിപ്പബ്ലിക്കൻ നേതാക്കളിൽ നിന്നുള്ള മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US panel alleges minorities targeted during voter roll revision
Next Story