യു.എസ്-പാകിസ്താൻ ബന്ധം ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ല: മാർക്കോ റൂബിയോ
text_fieldsന്യൂഡൽഹി: പാകിസ്താനുമായി അമേരിക്ക തുടരുന്ന ബന്ധം ഒരുതരത്തിലും ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. പാകിസ്താനും ചൈനയുമായി വാഷിംഗ്ടൺ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ ആശങ്കപ്പെടുന്നതിനിടെയാണ് മാർക്കോ റൂബിയോയുടെ പ്രതികരണം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സമഗ്ര വ്യാപാര കരാർ അന്തിമരൂപത്തിലേക്ക് അടുക്കുകയാണെന്നും ചുരുക്കം ചില വിഷയങ്ങൾ മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നും റൂബിയോ വ്യക്തമാക്കി. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.
ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ 1970-കളിലെ നക്സൺ-കിസിഞ്ചർ യുഗവുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്ന് റൂബിയോ വ്യക്തമാക്കി. ശീതയുദ്ധ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ഇന്നത്തെ ലോകം ഏറെ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിച്ചാർഡ് നക്സൺ പ്രസിഡന്റായിരുന്ന കാലത്ത്, ഹെൻറി കിസിഞ്ചർ നാഷണൽ സെക്യൂരിറ്റി അഡ്വൈസറായിരിക്കെ, ദക്ഷിണേഷ്യയോടുള്ള യു.എസ് നയം ജനറൽ യഹ്യാ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ സൈനിക ഭരണകൂടത്തിന് പൂർണ്ണ പിന്തുണ നൽകുന്ന രീതിയിലുള്ളതായിരുന്നു.
റൂബിയോ പറഞ്ഞു: "ഞാൻ 1970-കളെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കില്ല, കാരണം അന്നത്തെ ലോകവും ഇന്നത്തെ ലോകവും തമ്മിൽ യാതൊരു സാമ്യവുമില്ല. അന്ന് ശീതയുദ്ധവും അന്നുണ്ടായിരുന്ന മറ്റ് പല തരം രാഷ്ട്രീയ സാഹചര്യങ്ങളുമായിരുന്നു, അവയൊന്നും ഇന്ന് നിലവിലില്ല."
"ലോകത്തിലെ മറ്റൊരു രാജ്യവുമായുള്ള നമ്മുടെ ബന്ധവും ഒരിക്കലും ഇന്ത്യയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന രീതിയിലാകില്ല... ഇന്ത്യയുമായുള്ള നമ്മുടെ ബന്ധത്തെ ഞങ്ങൾ ആ രീതിയിലല്ല കാണുന്നത്," റൂബിയോ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് റൂബിയോ ഇന്ത്യയിലെത്തിയത്.അമേരിക്ക ഏർപ്പെടുത്തിയ താരിഫുകൾ ഇന്ത്യയെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതല്ലെന്നും, വിസ നിയന്ത്രണങ്ങൾ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടുള്ള നടപടികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിലേക്ക് ഇരുരാജ്യങ്ങളും വളരെ അടുത്തെത്തിയതായും അദ്ദേഹം പറഞ്ഞു.‘ഈ കരാർ പൂർത്തിയാക്കുന്നതിലേക്ക് നമ്മൾ വളരെ അടുത്തെത്തിയിരിക്കുകയാണ്. മാസങ്ങളല്ല, ഏതാനും ആഴ്ചകൾക്കുള്ളിൽ കരാർ അന്തിമമാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഏകദേശം 99 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ, ഒരു കരാർ പൂർണമാകണമെങ്കിൽ ബാക്കിയുള്ള ഒരു ശതമാനം കാര്യങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഇപ്പോൾ മുന്നോട്ടുപോകുന്ന രീതിയിൽ എനിക്ക് വളരെ പ്രതീക്ഷയുണ്ട്,’ റൂബിയോ പറഞ്ഞു.

