ചൈനക്ക് പിന്നാലെ മുന്നിലെത്തി യു.എസ്; ബംഗ്ലാദേശ് വ്യാപാരത്തിൽ ഇന്ത്യ വീണതെവിടെ?
text_fieldsപ്രതീകാത്മക ചിത്രം
ധാക്ക: ബംഗ്ലാദേശിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി എന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഇടിവുണ്ടായപ്പോൾ, അമേരിക്കയുമായുള്ള വാണിജ്യ ഇടപാടുകൾ കുതിച്ചുയർന്നതോടെ ഇന്ത്യയെ മറികടന്ന് യു.എസ് രണ്ടാം സ്ഥാനം സ്വന്തമാക്കി. ബംഗ്ലാദേശ് നാഷണൽ ബോർഡ് ഓഫ് റവന്യൂവിന്റെ (എൻ.ബി.ആർ) ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് പ്രമുഖ ബംഗ്ലാദേശി ദിനപത്രമായ 'പ്രഥം ആലോ' ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ചൈനയാണ് ബംഗ്ലാദേശിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ബംഗ്ലാദേശും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12.67 ബില്യൺ യു.എസ് ഡോളറിലെത്തി. ഇതേ കാലയളവിൽ ഇന്ത്യയുമായുള്ള വ്യാപാരം 10.72 ബില്യൺ ഡോളറായി കുറഞ്ഞു. ഇതോടെ ഇന്ത്യയേക്കാൾ 1.95 ബില്യൺ ഡോളറിന്റെ മുൻതൂക്കം യു.എസ് നേടി. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഒറ്റയടിക്ക് 43 ശതമാനം വർദ്ധിച്ച് 3.56 ബില്യൺ ഡോളറിലെത്തിയതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ബംഗ്ലാദേശിന്റെ ഇറക്കുമതിയിൽ 7.5 ശതമാനവും ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 3 ശതമാനവും ഇടിവുണ്ടായി.
അമേരിക്കൻ താരിഫുകൾ ഒഴിവാക്കാനുള്ള ചർച്ചകളുടെ ഭാഗമായി ധാക്ക യു.എസിൽ നിന്ന് വൻതോതിൽ ചരക്കുകൾ വാങ്ങിക്കൂട്ടിയതാണ് വ്യാപാരം കുതിച്ചുയരാൻ വഴിയൊരുക്കിയത്. മുൻവർഷം പൂജ്യമായിരുന്ന ഗോതമ്പ് ഇറക്കുമതി 227.7 ദശലക്ഷം ഡോളറിലെത്തി. സോയാബീൻ, പരുത്തി, എൽ.എൻ.ജി എന്നിവയ്ക്ക് പുറമെ യു.എസ് വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്ന് 14 വിമാനങ്ങൾ വാങ്ങാനും ബംഗ്ലാദേശ് കരാറിലെത്തി. 15 വർഷത്തിനിടെ 15 ബില്യൺ ഡോളറിന്റെ ഊർജ്ജ ഉൽപ്പന്നങ്ങളും 3.5 ബില്യൺ ഡോളറിന്റെ കാർഷിക ഉൽപ്പന്നങ്ങളും യു.എസിൽ നിന്ന് വാങ്ങാനുള്ള കരാറും ഫെബ്രുവരിയിൽ ഒപ്പുവെച്ചിരുന്നു.
മറുവശത്ത്, 2025 മുതൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉടലെടുത്ത നയതന്ത്ര ഉലച്ചിലുകളും ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കരമാർഗമുള്ള നൂൽ ഇറക്കുമതി ബംഗ്ലാദേശ് വിലക്കിയപ്പോൾ, കൊൽക്കത്ത വിമാനത്താവളം വഴി മൂന്നാം രാജ്യങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയക്കാനുള്ള സൗകര്യം ഇന്ത്യ പിൻവലിച്ചു. ഗാർമെന്റ്സ്, ചണം, പ്ലാസ്റ്റിക്, ഫർണിച്ചർ എന്നിവയ്ക്ക് ഇന്ത്യയും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള കോട്ടൺ ഇറക്കുമതി 23 ശതമാനവും നൂൽ ഇറക്കുമതിയിൽ 400 മില്യൺ ഡോളറിന്റെ കുറവും രേഖപ്പെടുത്തി. ഇതോടെ ദീർഘകാലമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

