എച്ച് 1ബി, എച്ച്4 വിസ അപേക്ഷകർ സാമൂഹിക മാധ്യമ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: എച്ച് 1ബി വിസ അപേക്ഷകർക്കും അവരുടെ എച്ച് 4 ആശ്രിതർക്കും വേണ്ടിയുള്ള സ്‌ക്രീനിങ് വെറ്റിങ് നടപടികൾ വിപുലീകരിച്ച് യു.എസ് സർക്കാർ. ഇത്തരം വിസക്ക് അപേക്ഷിക്കുന്നവരുടെ സാമൂഹിക മാധ്യമ അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് പുതിയ നിർദേശം. ബുധനാഴ്ചയാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പുതിയ ഉത്തരവിറക്കിയത്. ഡിസംബർ 15 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. നിലവിൽ വിദ്യാർഥികളും എക്സ്ചേഞ്ച് സന്ദർശകരും ഇത്തരത്തിലുള്ള സൂക്ഷ്മ പരിശോധനകൾക്ക് വിധേയരായിരുന്നു. ഇപ്പോൾ എച്ച് 1 ബി, എച്ച്4 വിസകൾക്ക് അപേക്ഷിക്കുന്നവരിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്.
പരിശോധനകൾ സുഗമമാക്കുന്നതിന് എല്ലാ എച്ച്‍1ബി അപേക്ഷകരും അവരുടെ ആശ്രിതരും എഫ്.എം.ജെ നോൺ-ഇമിഗ്രന്റ് വിസക്ക് അപേക്ഷിക്കുന്നവരും അവരുടെ സമൂഹ മാധ്യമ പ്രൊഫൈലുകൾ പരസ്യമാക്കണമെന്ന് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് വ്യക്തമാക്കി.
വിസയെ കുറിച്ചുള്ള ഓരോ വിധി നിർണയവും ദേശീയ സുരക്ഷ തീരുമാനമാണ്. യു.എസ് വിസ ഒരു പ്രത്യേക അവകാശമാണ്. എന്നാൽ ഒരിക്കലും അവകാശമല്ല. യു.എസിന്റെ ദേശീയ സുരക്ഷക്കോ പൊതുസുരക്ഷക്കോ ഭീഷണിയായ വിസ അപേക്ഷകരെ സ്ക്രീനിങ്ങിലും പരിശോധനയിലും തിരിച്ചറിയാൻ ലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപാർട്മെന്റ് വകുപ്പ് പറഞ്ഞു.
കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിരവധി നടപടികളിലെ ഏറ്റവും പുതിയതാണ് പുതിയ നിർദേശം.
എച്ച്-1ബി വിസ വെട്ടിക്കുറക്കുന്നതിനുള്ള നടപടികളാണ് ട്രംപ് ആദ്യം തുടങ്ങിയത്. പുതിയ എച്ച് 1വിസ അപേക്ഷ ഫീസ് ഒരു ലക്ഷം ഡോളറായി കുത്തനെ വർധിപ്പിക്കുകയും ചെയ്തു. 19 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ സ്വീകരിക്കുന്നത് താൽകാലികമായി നിർത്തിവെച്ചിരുന്നു. അഫ്ഗാനിസ്താൻ, ബർമ, ബുറുണ്ടി, ഛാഡ്, കോംഗോ, ക്യൂബ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലാവോസ്, ലിബിയ, സിയറ ലിയോൺ, സൊമാലിയ, സുഡാൻ, ടോഗോ, തുർക്ക്മെനിസ്താൻ, വെനിസ്വേല, യമൻ എന്നിവയാണ് ഈ രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

