നെതന്യാഹു അമേരിക്കയിലേക്ക്? ട്രംപുമായി കൂടിക്കാഴ്ച നടത്തും
text_fieldsതെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച ആദ്യം വാഷിംഗ്ടണിലേക്ക് തിരിച്ചേക്കുമെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനാണ് യാത്രയെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപേപാർട്ട് ചെയ്തു. ഈ ആഴ്ച ഇസ്രായേലിലെത്തുന്ന ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് യാത്രയുടെ വിശദാംശങ്ങൾക്ക് അന്തിമരൂപം നൽകും.
മുൻ പ്രസിഡന്റ് ബൈഡൻ തടഞ്ഞുവെച്ച ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കാണുന്ന ആദ്യത്തെ വിദേശ നേതാവായിരിക്കും നെതന്യാഹു എന്ന് യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, നെതന്യാഹുവിന് വൈറ്റ് ഹൗസിലേക്കുള്ള ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ല.
ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാർ ചർച്ചയുടെ ഭാഗമായി ബുധനാഴ്ച ഇസ്രായേലിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം ന്യൂയോർക്ക് സിറ്റിയിലെ സിനഗോഗിൽ നടന്നന ചടങ്ങിൽ വിറ്റ്കോഫ് പറഞ്ഞിരുന്നു. അതേസമയം, പ്രോസ്റ്റേറ്റ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ നെതന്യാഹുവിന്റെ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും സന്ദർശനമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകളാണ് ഇസ്രായേലിന് വിട്ടുകൊടുക്കാൻ കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിട്ടത്. ബോംബുകൾ വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകുകയായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർത്ത ഗസ്സയിലെ റഫയിൽ ആക്രമണം നടത്തിയപ്പോൾ ഉയർന്ന കനത്ത പ്രതിഷേധത്തെ തുടർന്നാണ് ബൈഡൻ ഈ ബോംബുകളുടെ വിതരണം തടഞ്ഞത്. എന്നാൽ, ഇസ്രായേൽ ഓർഡർ ചെയ്ത് പണം നൽകിയിട്ടും ബൈഡൻ പലതും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇപ്പോൾ അവയെല്ലാം അതിന്റെ വഴിയിലേക്ക് നീങ്ങുകയാണെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്തി’ൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

