അമേരിക്കയിൽ കാറിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച സ്ത്രീയുടെ മുഖത്തേക്ക് തുടരെ വെടിവെച്ച് കൊന്ന് ഉദ്യോഗസ്ഥൻ
text_fieldsമിനസോട്ട: കാറിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച സ്ത്രീയുടെ മുഖത്ത് മൂന്ന് തവണ വെടിവെച്ച് കൊന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ. അമേരിക്കയിലെ മിനസോട്ടയിലെ പ്രധാന സിറ്റിയായ മിനിയാപൊളിസിലാണ് സംഭവം. ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
വാഹനത്തിൽനിന്ന് ഇറങ്ങാൻ ഉദ്യോഗസ്ഥൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുസരിക്കാതെ വാഹനം മുന്നോട്ടെടുത്തപ്പോൾ ഡ്രൈവിങ് സീറ്റിനുനേർക്ക് യുവതിയുടെ മുഖത്തേക്ക് തന്നെ ഉദ്യോഗസ്ഥൻ തുടരെ വെടിയുതിർക്കുകയായിരുന്നു. റെനീ നിക്കോൾ ഗുഡ് എന്ന 37കാരിയാണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയായ യുവതി കവിയത്രികൂടിയാണ്. ഇവരുടെ ഭർത്താവ് 2013ൽ മരിച്ചിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്. ജനങ്ങളെ ഉപദ്രവിക്കുകയും കുടുംബം നശിപ്പിക്കുകയും ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്‍റെ നഗരത്തിൽ നിന്ന് പുറത്തുപോകണമെന്ന് മേയർ ആവശ്യപ്പെട്ടു.
എന്നാൽ, വാഹനം ആയുധമാക്കി ആഭ്യന്തര തീവ്രവാദത്തിന് ശ്രമിച്ച യുവതിയാണ് കൊല്ലപ്പെട്ടതെന്നും ജനത്തിന്‍റെ സുരക്ഷയെ കരുതിയാണ് ഉദ്യോഗസ്ഥൻ യുവതിയെ വെടിവെച്ച് കൊന്നതെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മാക്ലോഗ്ലിൻ ന്യായീകരിച്ചു.
മിനസോട്ടയിൽ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കെയാണ് ക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ സൊമാലിയൻ കുടിയേറ്റക്കാർ താമസിക്കുന്നത് മിനസോട്ടയിലാണ്. അമേരിക്കയിൽ സൊമാലി കുടിയേറ്റക്കാരെ വേണ്ടെന്നും അവർ വന്നിടത്തേക്ക് മടങ്ങണമെന്നും ആഴ്ചകൾക്ക് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. തുടർന്ന്, മിനിയാപൊളിസിലേക്ക് നൂറുകണക്കിന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജന്റുമാരെ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

