പുടിന്റെ സന്ദർശനത്തിന് പിന്നാലെ വ്യാപാര കരാറിൽ നടപടി വേഗത്തിലാക്കി യു.എസ്, പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാറിൽ അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. യു.എസ് ഡപ്യൂട്ടി ട്രേഡ് റെപ്രസന്റേറ്റീവ് റിക്ക് സ്വിറ്റ്സറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്യത്തെത്തുക.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് കരാറിൽ യു.എസ് നടപടികൾ വേഗത്തിലാക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിൽ ഉഭയകക്ഷി വ്യാപാരബന്ധം വർധിപ്പിക്കുന്നതിനും പ്രതിരോധവും ഊർജ്ജവുമടക്കം നിർണായകമേഖലകളിലെ സഹകരണത്തിനും പുടിന്റെ സന്ദർശനത്തിൽ തീരുമാനമായിരുന്നു. 2030ഓടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം നിലവിലെ 64 ബില്യണിൽ നിന്ന് 100 ബില്യണിലേക്ക് ഉയർത്താനും ആഭ്യന്തര കറൻസി ഉപയോഗം വർധിപ്പിക്കാനും ഇന്ത്യയും റഷ്യയും ധാരണയിലെത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഉഭയകക്ഷി വ്യാപാര കരാറിൽ ചർച്ചകൾക്കായി യു.എസ് സംഘം ഇന്ത്യയിലേക്ക് എത്തുന്നത്. നവംബറിൽ ഇന്ത്യ കരാർ വ്യവസ്ഥകളിലെ അന്തിമ ശിപാർശകൾ യു.എസിന് കൈമാറിയിരുന്നു.
കഴിഞ്ഞ ഒരു മാസമായി ഇരുരാജ്യങ്ങൾക്കുമിടയിൽ കരാറിൽ ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. അതേസമയം, വാണിജ്യ മന്ത്രാലയത്തിന്റെ നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് (നാഫ്ത) വിഭാഗത്തിന്റെ നേതൃത്വത്തിൽ കാനഡയുമായി വാണിജ്യ കരാറിൽ ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിരുന്നു. ഇതോടെ മാർച്ചിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരക്കമ്മി നാലുദശലക്ഷം ഡോളറിൽ നിന്ന് 1.5 ദശലക്ഷം ഡോളറാക്കി കുറക്കാനായിരുന്നു. ഈ കമ്മി മുമ്പ് ഉഭയക്ഷി വ്യാപാര കരാറിൽ യു.എസ് പ്രതിനിധികൾ ഉയർത്തിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി.
ഈ വർഷം അവസാനത്തോടെ അമേരിക്കയുമായി ഒരു കരാർ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി അഗർവാൾ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കരാറിൽ ഏതാണ്ട് ചർച്ചകൾ പൂർത്തിയായതായും അഗർവാൾ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യക്ക് മേൽ ചുമത്തിയ അധിക താരിഫ് കുറക്കാൻ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബർ 11ന് വ്യക്തമാക്കിയിരുന്നു. ‘നിലവിൽ, ഇന്ത്യക്ക് മേൽ വലിയ താരിഫാണ് ചുമത്തിയിട്ടുള്ളത്. പ്രധാനമായും റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട നടപടിയാണിത്. അവർ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി. നിലവിൽ നാമമാത്രമാണ് വാങ്ങുന്നത്. ഉടൻ തന്നെ കുറക്കാൻ നടപടി സ്വീകരിക്കും’ വൈറ്റ് ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

