തായ്‍വാൻ കടലിടുക്കിൽ യു.എസ് യുദ്ധക്കപ്പലുകൾ; പെലോസിയുടെ സന്ദർശനത്തിന് ശേഷം ആദ്യം
text_fieldsതായ്പേയ്: യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് ശേഷം ആദ്യമായി തായ്‍വാൻ കടലിടുക്കിൽ യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലുകൾ എത്തി. പെലോസിയുടെ സന്ദർശനത്തെ ചൊല്ലി ചൈനയും യു.എസും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് യുദ്ധക്കപ്പലുകൾ തായ്‍വാൻ കടലിടുക്കിലെത്തിയത്.
നേരത്തെ, പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ പ്രകോപിതരായ ചൈന തായ്‍വാൻ കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അണിനിരത്തി സൈനികാഭ്യാസം നടത്തിയിരുന്നു. നൂറുകണക്കിന് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിമാനവാഹിനികളും ആണവ അന്തർവാഹിനികളും ഉൾപ്പെടെ അണിനിരത്തിയാണ് ചൈന സൈനിക പരിശീലനം നടത്തിയത്.
അതേസമയം, പതിവ് നിരീക്ഷണങ്ങളുടെ ഭാഗമായാണ് തങ്ങളുടെ കപ്പലുകൾ തായ്‍വാൻ കടലിടുക്കിലൂടെ പോയതെന്ന് യു.എസ് നേവി പറഞ്ഞു. ഒരു രാജ്യത്തിന്‍റെയും സമുദ്രാതിർത്തിയിലൂടെയുമല്ല കടന്നുപോയതെന്നും യു.എസ് വ്യക്തമാക്കി. ചൈനയെയും തായ്‍വാനെയും വേർതിരിക്കുന്ന കടലിടുക്കാണ് 160 കി.മീറ്ററിലേറെ വീതിയുള്ള തായ്‍വാൻ കടലിടുക്ക്.
തായ്‍വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈനയെ നാൻസി പെലോസിയുടെ സന്ദർശനം ഏറെ പ്രകോപിപ്പിച്ചിരുന്നു. സന്ദർശനത്തിന് പിന്നാലെ നാൻസി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സൗഹൃദസന്ദർശനമാണെന്നും തായ്‍വാനോടൊപ്പം എന്നും യു.എസ് ഉണ്ടാകുമെന്നുമാണ് പെലോസി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

