ചൈന സാങ്കേതികവിദ്യ ചോർത്തുമെന്ന് ഭയം; ദക്ഷിണ ചൈനാ കടലിൽ നിന്ന് യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് യു.എസ്
text_fieldsവാഷിങ്ടൺ: ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണ യുദ്ധവിമാനത്തിന്‍റെയും ഹെലികോപ്ടറിന്‍റെയും അവശിഷ്ടങ്ങൾ വീണ്ടെടുത്ത് അമേരിക്കൻ നാവികസേന. എഫ്/എ-18 സൂപ്പർ ഹോർണെറ്റ് യുദ്ധവിമാനത്തിന്‍റെയും എം.എച്ച്-60 സൈനിക ഹെലികോപ്റ്ററിന്‍റെയും അവശിഷ്ടങ്ങളാണ് ദക്ഷിണ ചൈനാ കടലിന്‍റെ അടിത്തട്ടിൽ നിന്ന് സൈനിക സംഘം കണ്ടെടുത്തത്. അവശിഷ്ടങ്ങൾ ചൈനക്ക് ലഭിച്ചാൽ തന്ത്രപ്രധാന സൈനിക സാങ്കേതികവിദ്യ ശത്രുരാജ്യത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യു.എസ് നാവികസേനയുടെ നടപടി.
മിലിറ്ററി സീലിഫ്റ്റ് കമാൻഡിന് കീഴിലുള്ള സേഫ്ഗാർഡ് ക്ലാസ് കപ്പലായ യുഎസ്എൻഎസ് സാൽവോർ (ടി-എആർഎസ് 52) ആണ് വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ നടത്തി അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് യു.എസ് ഏഴാം കപ്പൽപ്പടയുടെ കമാൻഡർ മാത്യു കോമർ അറിയിച്ചു. സമുദ്രത്തിന്‍റെ അടിത്തട്ടിൽ നിന്ന് 300 ടൺ അവശിഷ്ടങ്ങളാണ് സാൽവോർ കപ്പൽ വീണ്ടെടുത്തത്. പുതിയ പതിപ്പ് എഫ്/എ-18 യുദ്ധവിമാനത്തിന്‍റെ ഭാരം 33 ടണ്ണും എം.എച്ച്-60 ഹെലികോപ്റ്ററിന്‍റെ ഭാരം 11 ടണ്ണുമാണ്.
ഒക്ടോബർ 27നാണ് യു.എസിന്റെ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് നിമിറ്റ്സിൽ’ നിന്ന് പറന്നുയർന്ന യുദ്ധവിമാനവും ഹെലികോപ്ടറും 30 മിനിറ്റിന്റെ വ്യത്യാസത്തിൽ ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണത്. അപകടത്തിന് പിന്നാലെ യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരെയും ഹെലികോപ്ടറിലെ മൂന്ന് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെടുത്തു. രണ്ട് അപകടങ്ങളെ കുറിച്ചും യു.എസ് നാവികസേന അന്വേഷിച്ചു വരികയാണ്.
യു.എസും ചൈനയും തമ്മിൽ പോര് നിലനിൽക്കുന്ന അതീവ സങ്കീർണമേഖലയായ ദക്ഷിണ ചൈനാ കടലിൽ വിമാനത്തിന്റെയും കോപ്ടറിന്റെയും സാന്നിധ്യം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. വ്യാപാര നികുതി ചർച്ചകൾക്കായി ഡോണാൾഡ് ട്രംപ് ചൈനീസ് ഭരണാധികാരി ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു അപകടം.
ചൈന അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിൽ യു.എസ് നാവികസേന പതിവായി നാവിക പരിശീലനങ്ങളും യാത്രകളും നടത്താറുണ്ട്. അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം പറക്കാനും കപ്പൽ യാത്ര നടത്താനും എല്ലാ രാജ്യങ്ങൾക്കും അവകാശം ഉണ്ടെന്നാണ് യു.എസിന്റെ വാദം. എന്നാൽ, അത്തരം പ്രവർത്തനങ്ങളെ നിയമവിരുദ്ധമെന്ന് ചൈന പറയുന്നത്.
ദക്ഷിണ ചൈനാ കടലിലെ മിക്ക ദ്വീപുകൾക്കുംമേൽ ചൈന പരമാധികാരം അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഫിലിപ്പീൻസ്, മലേഷ്യ, വിയറ്റ്നാം, ബ്രൂണെ, തായ്‌വാൻ എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2016ൽ, ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണൽ ഒരു സമുദ്ര തർക്കത്തിൽ ഫിലിപ്പീൻസിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും ചരിത്രപരമായ അവകാശങ്ങൾ ഉന്നയിക്കാൻ ചൈനക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ, ചൈന ട്രൈബ്യൂണൽ വിധി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

