വെനിസ്വേലക്കു സമീപത്തെ യു.എസ് നാവിക സേനാ വിന്യാസം വലിയ ആശങ്ക ഉയർത്തുന്നു -ബ്രസീൽ
text_fieldsജോഹന്നാസ്ബർഗ്: വെനിസ്വേലക്ക് സമീപമുള്ള യു.എസ് സൈനിക സജ്ജീകരണത്തിൽ ബ്രസീൽ വളരെ ആശങ്കാകുലരാണെന്ന് പ്രസിഡന്റ് ലുല ഡിസിൽവ. ഒരു സംഘർഷം ഉണ്ടായേക്കാമെന്നതിനാൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ താൻ ഉദ്ദേശിക്കുന്നുവെന്നും ലുല പറഞ്ഞു.
‘കരീബിയൻ കടലിൽ അമേരിക്ക സ്ഥാപിച്ചിരിക്കുന്ന സൈനിക സംവിധാനങ്ങളെക്കുറിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ട്. പ്രസിഡന്റ് ട്രംപുമായി ഇത് ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു’ -ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ലുല ജോഹന്നാസ്ബർഗിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഇപ്പോൾ ഒരു യുദ്ധം ഉണ്ടാക്കാൻ ഒരു കാരണവുമില്ലെന്ന് ഞാൻ കരുതുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ സംഭവിച്ച തെറ്റ് ആവർത്തിക്കരുത്. അതായത് ഒരിക്കൽ വെടിയുതിർത്താൽ അത് എങ്ങനെ അവസാനിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനിസ്വേലക്കടുത്തുള്ള മേഖലയിലേക്ക് അമേരിക്ക യുദ്ധ വിമാനവാഹിനിക്കപ്പൽ സംഘത്തെയും മറ്റ് നാവിക യുദ്ധക്കപ്പലുകളെയും സ്റ്റെൽത്ത് വിമാനങ്ങളെയും അയച്ചിട്ടുണ്ട്. ഇതെത്തുടർന്ന് വെനിസ്വേല വ്യോമാതിർത്തിയിലെ സിവിലിയൻ വിമാനങ്ങൾക്ക് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ മുതൽ കരീബിയൻ കടലിലും കിഴക്കൻ പസഫിക്കിലുമായി 20 ലധികം കപ്പലുകളിൽ യു.എസ് സൈന്യം ആക്രമണം നടത്തിയതിനെ തുടർന്ന് 80 ലധികം പേർ കൊല്ലപ്പെടുകയുണ്ടായി. അവർ മയക്കുമരുന്ന് കടത്തുകാരാണെന്ന് യു.എസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. പക്ഷേ, തെളിവുകളൊന്നും നൽകിയിട്ടുമില്ല. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ ഒരു ‘ഭീകര മയക്കുമരുന്ന് സംഘത്തിന്’ നേതൃത്വം നൽകുന്നുവെന്ന ആരോപണമാണ് ട്രംപ് ഉന്നയിക്കുന്നത്.
സാധ്യതയുള്ള സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു പരിഹാരം കണ്ടെത്താൻ നാം ശ്രമിക്കേണ്ടത് പ്രധാനമാണെന്ന് ബ്രസീൽ വെനിസ്വേലയുമായി അതിർത്തി പങ്കിടുന്നുവെന്നത് ചൂണ്ടിക്കാട്ടി ലുല പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ട്രംപ് പങ്കെടുത്തില്ല. ആഗോള വ്യാപാരത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും സഹകരണം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള ജി20യുടെ മുൻഗണനകൾ യു.എസ് നയങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞാണ് അത് ബഹിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

