Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആശങ്കയേറ്റി ഹുർമുസ്...

ആശങ്കയേറ്റി ഹുർമുസ് കടലിടുക്കിൽ യു.എസ് ഉപരോധം; ഹുർമൂസ് ഉപരോധിക്കാൻ അമേരിക്കക്ക് ശേഷിയില്ലെന്ന് ഇറാൻ

text_fields
bookmark_border
ആശങ്കയേറ്റി ഹുർമുസ് കടലിടുക്കിൽ യു.എസ് ഉപരോധം; ഹുർമൂസ് ഉപരോധിക്കാൻ അമേരിക്കക്ക് ശേഷിയില്ലെന്ന് ഇറാൻ
cancel

തെഹ്റാൻ/വാഷിങ്ടൺ: 39 ദിവസം ഇറാനെതിരെ വ്യോമാക്രമണം നടത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ യു.എസും ഇസ്രായേലും ഇസ്‍ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, പുതിയ യുദ്ധ നീക്കവുമായി രംഗത്ത്. 21 മണിക്കൂർ നീണ്ട ചർച്ച ധാരണയാകാതെ പിരിഞ്ഞതിനു പിന്നാലെ ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ള കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ലോകരാഷ്ട്രങ്ങളുടെ അതൃപ്തിയും ആശങ്കയും വകവെക്കാതെയുള്ള യു.എസ് നടപടിക്ക് ഇസ്രായേൽ പിന്തുണ പ്രഖ്യാപിച്ചു. ഹുർമുസിലെ ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമാക്കി കണക്കാക്കി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ മൂന്നുദിവസത്തിനുശേഷം പശ്ചിമേഷ്യ ഒരിക്കൽകൂടി യുദ്ധനിഴലിലായി. പുതിയ സംഭവവികാസങ്ങൾ ആഗോള എണ്ണ വിപണിയിൽ വിലകുതിപ്പിനും കാരണമായി. വെടിനിർത്തൽ ഉപാധികൾ സംബന്ധിച്ച് ധാരണയാകാതെയാണ് കഴിഞ്ഞദിവസം പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച അവസാനിച്ചത്. തുടർന്ന്, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ട്രംപ് ഹുർമുസ് ഉപരോധം എന്ന അസാധാരണ പ്രഖ്യാപനം നടത്തിയത്.

അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് താൻ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ, തങ്ങൾ അത്തരത്തിൽ ടോൾ പിരിക്കുന്നില്ലെന്നും ഉപരോധം ഏർപ്പെടുത്തിയാൽ അതിനെ ശക്തമായി നേരിടുമെന്ന് ഇറാനും പ്രതികരിച്ചു. ട്രംപിന്റെ നീക്കത്തിന് ലോകരാജ്യങ്ങളുടെ കാര്യമായ പിന്തുണയില്ലെന്നത് ശ്രദ്ധേയമാണ്. ഉപരോധത്തെ പിന്തുണക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. ഹുർമുസിൽ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനായി ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ പാരിസിൽ 40 രാജ്യങ്ങളുടെ യോഗം ചേരുന്നുണ്ട്. യൂറോപ്യൻ യൂനിയൻ കമീഷനും ഈ യോഗത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹുർമുസിൽ ഉപരോധമല്ല, ഗതാഗതം പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്ന് റഷ്യയും ചൈനയും വ്യക്തമാക്കി. മിക്ക നാറ്റോ രാജ്യങ്ങളും ഉപരോധത്തിനെതിരാണ്.

അതിനിടെ, സമാധാന ചർച്ച പരാജയപ്പെട്ടതിൽ യു.എസും ഇറാനും ആരോപണ-പ്രത്യാരോപണങ്ങളുയർത്തി രംഗത്തെത്തി. ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ഇറാന്റെ കടുംപിടുത്തമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് ചർച്ചയിൽ യു.എസ് സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചു. എന്നാൽ, ചർച്ചയിൽ യു.എസ് തുടർച്ചയായി ‘ഗോൾ പോസ്റ്റ് മാറ്റിക്കളിച്ചു’വെന്ന് ഇറാൻ പ്രതിനിധി നേതാവും വിദേശകാര്യ മന്ത്രിയുമായ അബ്ബാസ് അറാഗ്ചി പറഞ്ഞു. അതേസമയം, ചർച്ച പരാജയപ്പെട്ടുവെങ്കിലും ഒരിക്കൽകൂടി ഇരു രാജ്യങ്ങളെയും ചർച്ചക്കിരുത്താൻ പാകിസ്താൻ ശ്രമിക്കുന്നുണ്ട്. ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:midleasttrumbStrait of HormuzIran US
News Summary - US naval blockade begin in Hormuz
Next Story