ഹുർമുസിൽ ഉപരോധം മറികടക്കാൻ ശ്രമിച്ച കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇറാന്റെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പലിന് നേരെ യു.എസ് സൈനിക ആക്രമണം. പലാവു പതാകയുള്ള 'എം.വി പസഫിക് ആർച്ചർ' എന്ന കപ്പലിന്റെ എൻജിൻ പ്രവർത്തനരഹിതമാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. കപ്പലിലെ സിവിലിയൻ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും യു.എസ് വ്യക്തമാക്കി.
കപ്പലിന്റെ പിൻഭാഗത്ത് സൈനിക വിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് യു.എസ് സൈന്യത്തിന്റെ വിശദീകരണം. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിക്കുകയായിരുന്നു. കപ്പലിന്റെ ലക്ഷ്യസ്ഥാനം സിംഗപ്പൂരാണെന്നാണ് കപ്പൽ ഗതാഗത നിരീക്ഷണ വെബ്സൈറ്റുകളിലെ വിവരം.
അതേസമയം യു.എസ് നാവിക ഉപരോധം തകർക്കുക മാത്രമല്ല, ശത്രുസൈന്യത്തെ മേഖലയുടെ സമുദ്രാതിർത്തിയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്ന നടപടികൾ ഇറാൻ സ്വീകരിക്കുമെന്ന് നാവികസേനാ മേധാവി ശഹ്റാം ഇറാനി പ്രതികരിച്ചു. വെള്ളിയാഴ്ച ഇറാന്റെ ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പ്രതികരണം.
ഏപ്രിൽ മുതൽ ഇറാന്റെ തുറമുഖങ്ങൾക്കെതിരെ യു.എസ് നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധം ആരംഭിച്ചതിനുശേഷം യു.എസ് സൈന്യം പ്രവർത്തനരഹിതമാക്കിയതായി വെളിപ്പെടുത്തുന്ന കുറഞ്ഞത് 15-ാമത്തെ കപ്പലാണ് പസഫിക് ആർച്ചർ. ജൂലൈയിൽ ഉപരോധം പുനഃസ്ഥാപിച്ചതിനുശേഷമുള്ള ആറാമത്തേതും. നവംബർ ഏഴിനായിരുന്നു ഇതിന് മുമ്പ് ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായത്.
ഇതിനിടെ അനുമതിയില്ലാത്ത പാതയിലൂടെ ഹുർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകളെ തടഞ്ഞതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇതിൽ ഒരു കപ്പൽ നാവിക മൈനിൽ ഇടിച്ചെന്നും മറ്റൊന്ന് തിരിച്ചുപോകാൻ നിർബന്ധിതമായെന്നും ഇറാൻ അറിയിച്ചു.

