പസഫിക്കിൽ കപ്പലിൽ യു.എസ് ആക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് ചെറുകപ്പലിൽ കനത്ത ആക്രമണം നടത്തിയതായി യു.എസ് സൈന്യം. ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. കിഴക്കൻ പസഫിക്കിലെ അറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു കപ്പലെന്ന് യു.എസ് സതേൺ കമാൻഡ് സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിലെ വീഡിയോയിൽ കപ്പൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതും പിന്നീട് തീപിടിക്കുന്നതും കാണുന്നുണ്ട്. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും സെപ്റ്റംബർ ആദ്യം മുതൽ 43 യു.എസ് ആക്രമണങ്ങളിലായി 148 പേരാണ് മരിച്ചത്. ലാറ്റിനമേരിക്കയിലെ മയക്കുമരുന്ന് സംഘവുമായി സായുധ സംഘട്ടനത്തിലാണെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്.
എന്നാൽ, ‘മയക്കുമരുന്ന് ഭീകരരെ’ കൊന്നുവെന്ന അവകാശവാദത്തിന് ട്രംപ് ഭരണകൂടം കുറച്ച് തെളിവുകൾ മാത്രമേ നൽകിയിട്ടുള്ളൂ. ആക്രമണങ്ങളുടെ നിയമസാധുതയെ വിമർശകർ ചോദ്യം ചെയ്തിട്ടുണ്ട്. മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന ഫെന്റനൈൽ മെക്സികോയിൽനിന്ന് കര വഴി യു.എസിലേക്ക് കടത്തുന്നത് തടയാൻ കഴിയുന്നുമില്ല. ചൈനയിൽനിന്നടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിച്ചാണ് മെക്സികോയിൽ ഫെന്റനൈൽ ഉൽപാദിപ്പിക്കുന്നത്.
കപ്പലാക്രമണത്തിൽനിന്ന് രക്ഷപ്പെട്ടവരെ യു.എസ് സൈന്യം തുടർന്നും ആക്രമിച്ച് കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമുണ്ടായിരുന്നു. ഇതോടെ ആക്രമണങ്ങൾ കടുത്ത വിമർശനത്തിന് ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

