Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ മണ്ണിൽ അമേരിക്കൻ സൈനിക വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിങ്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇരുരാജ്യങ്ങളും

text_fields
bookmark_border
റഷ്യൻ മണ്ണിൽ അമേരിക്കൻ സൈനിക വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിങ്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇരുരാജ്യങ്ങളും
cancel

മോസ്കോ: യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം രൂക്ഷമായി തുടരുന്നതിനിടെ, മോസ്കോയിൽ അപ്രതീക്ഷിതമായി യു.എസ് സൈനിക വിമാനം ഇറങ്ങി. മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച അമേരിക്കൻ വ്യോമസേനയുടെ വിമാനം ലാൻഡ് ചെയ്തത്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.

ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, അമേരിക്കൻ വ്യോമസേനയുടെ 'ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ III' എന്ന ഭീമൻ വിമാനമാണ് റഷ്യൻ മണ്ണിലിറങ്ങിയത്. ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 8.50-ഓടെ പുറപ്പെട്ട വിമാനം പത്ത് മണിക്ക് ശേഷമാണ് മോസ്കോയിൽ എത്തിയത്.

'RCH4555' എന്ന കോൾസൈനുള്ളതും '07-7181' എന്ന രജിസ്ട്രേഷൻ നമ്പറുമുള്ളതാണ് വിമാനം. സൈനികർ, ആയുധങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ ദീർഘദൂരം സഞ്ചരിച്ച് എത്തിക്കാൻ അമേരിക്കൻ വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്ന വിമാനമാണിത്.

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വൺ' സ്ഥിതി ചെയ്യുന്ന മേരിലാൻഡിലെ ക്യാംപ് സ്പ്രിങ്സ് വ്യോമതാവളത്തിൽ (ആൻഡ്രൂസ് ബേസ്) നിന്നാണ് ഈ വിമാനം യാത്ര തിരിച്ചത്. ആഗസ്റ്റ് 23-നാണ് ഇത് ലാത്വിയയിലെ റിഗയിൽ എത്തിയത്. വിമാനത്തിൽ ഉന്നത ഉദ്യോഗസ്ഥരോ യാത്രക്കാരോ മറ്റ് ചരക്കുകളോ ഉണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.

വിമാനത്തിന്റെ വരവിനെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി യാതൊരു വിവരവുമില്ലെന്നാണ് റഷ്യൻ ഭരണകേന്ദ്രമായ ക്രെംലിൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്. അമേരിക്കയുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

രണ്ട് വൻശക്തി രാജ്യങ്ങൾ തമ്മിൽ കടുത്ത തർക്കങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ നടന്ന ഈ ലാൻഡിങ് അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്ന് യു.എസ് രജിസ്ട്രേഷനുള്ള വിമാനങ്ങൾ റഷ്യയിലേക്ക് നേരിട്ട് പറക്കുന്നത് വളരെ അപൂർവ്വമാണ്.

ഈ വർഷം ജനുവരിയിൽ യുക്രെയ്ൻ സമാധാന ചർച്ചകൾക്കായി യു.എസ് പ്രത്യേക ദൂതന്മാരായ സ്റ്റീവൻ വിറ്റ്കോഫും ജാരേഡ് കുഷ്നറും മോസ്കോ സന്ദർശിച്ചതാണ് ഇതിനുമുമ്പ് ഇത്തരത്തിൽ നടന്ന അവസാനത്തെ വിമാനയാത്ര. യുക്രെയ്ൻ വിഷയത്തിലെ അമേരിക്ക-റഷ്യ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന പശ്ചാത്തലത്തിൽ, അപ്രതീക്ഷിതമായി എത്തിയ ഈ സൈനിക വിമാനം പുതിയ രഹസ്യ നയതന്ത്ര നീക്കങ്ങളുടെ സൂചനയാണോ നൽകുന്നത് എന്ന തരത്തിലുള്ള ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Military Plane Lands Unexpectedly in Moscow Amid Diplomatic Tensions
Next Story