അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെ തിരിച്ചയച്ച് ട്രംപ്; സൈനിക വിമാനം പുറപ്പെട്ടു
text_fieldsയു.എസ് സൈനിക വിമാനം (ഫയൽ ചിത്രം)
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പിടികൂടി കയറ്റിയയക്കുന്ന നടപടിക്ക് തുടക്കം കുറിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്. ആദ്യബാച്ച് കുടിയേറ്റക്കാരുമായി സി-17 സൈനിക വിമാനം യു.എസിൽനിന്ന് പുറപ്പെട്ടതായും 24 മണിക്കൂറിനകം ഇന്ത്യയിലെത്തുമെന്നും യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഇതിനുമുമ്പ് സൈനിക വിമാനങ്ങളിൽ അതത് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തൽ. അനധികൃത കുടിയേറ്റം തടയാൻ
യു.എസ് -മെക്സിക്കോ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുക, ഇവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുക തുടങ്ങിയ നീക്കങ്ങളും ഡോണാൾഡ് ട്രംപ് സൈന്യത്തിന്റെ സഹായത്തോടെ ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരോട് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചൂണ്ടിക്കാട്ടിയിരുന്നു. ‘അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും, പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്’ - എന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരുടെ നിയമാനുസൃത തിരിച്ചുവരവിന് രാജ്യം എപ്പോഴും വാതിൽ തുറന്നിട്ടിട്ടുണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. നാടുകടത്തലിന് അർഹതയുള്ളവരുടെ രേഖകൾ പരിശോധിക്കുന്നുണ്ടെന്നും അത്തരം വ്യക്തികളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കുമെന്നും ജയ്ശങ്കർ വ്യക്തമാക്കി.
"നമ്മുടെ പൗരന്മാർ നിയമവിരുദ്ധമായി യു.എസ് ഉൾപ്പെടെ ഏതെങ്കിലും രാജ്യത്ത് ഉണ്ടെങ്കിൽ, അവരുടെ പൗരത്വം ഇന്ത്യൻ പൗരത്വം സ്ഥിരീകരിച്ചാൽ നിയമാനുസൃത തിരിച്ചുവരവിന് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ഞങ്ങൾ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്’ -ജയ്ശങ്കർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.