പശ്ചിമേഷ്യ കലുഷിതം, പ്രവാസലോകത്ത് ആശങ്ക; കുവൈത്തിലും ബഹ്റൈനിലും ആക്രമണം, ഇറാനിൽ യു.എസ് ആക്രമണത്തിൽ ഒരു മരണം
text_fieldsതെഹ്റാൻ: യുദ്ധം വീണ്ടും തിരിച്ചെത്തുമെന്ന ആശങ്കക്കിടയിൽ കുവൈത്തിലും ബഹ്റൈനിലും യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം. തുടർച്ചയായ രണ്ടാം ദിവസമാണ് ഗൾഫിൽ ആക്രമണമുണ്ടാകുന്നത്. കുവൈത്തിനു നേരെ പുലർച്ചെ 3.30 ഓടെ ആയിരുന്നു ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്.
അതിനിടെ ഹുർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇറാനിലെ സൈനിക, സാമ്പത്തിക കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇറാൻശാറിലെ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എയാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച ബന്ദർ അബ്ബാസിലും ബുശേറിലും നടന്ന ആക്രമണത്തിൽ എട്ട് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ചൊവ്വാഴ്ച നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ബുധനാഴ്ച അതിശക്തമായ പുതിയ ആക്രമണ പരമ്പരയുമായി യു.എസ് മുന്നോട്ട് പോയത്. ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പൂർണമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക വർധിപ്പിച്ചിരിക്കുന്നത്.
ഇറാൻശാറിന് പുറമെ ബന്ദർ അബ്ബാസ്, കൊനാരക്, ചാബഹാർ, ബുശേർ എന്നീ തെക്കൻ നഗരങ്ങളിലും വടക്കുകിഴക്കൻ നഗരമായ അക് ഖാലയിലും യു.എസ് ആക്രമണം ഉണ്ടായിട്ടുണ്ട്. ചാബഹാറിലെ മാരിടൈം കൺട്രോൾ ടവറിനും ഒരു ഡിപ്പോക്ക് നേരെയും, അക് ഖാലയിലെ റെയിൽവേ പാലത്തിന് നേരെയും മിസൈൽ ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം യു.എസ് ആക്രമണത്തിന് തൊട്ടുപിന്നാലെ, കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇറാന്റെ ഈ നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനിയൻ പാർലമെന്റിലെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി മുന്നറിയിപ്പ് നൽകി.
ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് നിലവിലെ ആക്രമണങ്ങൾക്ക് കാരണം. കടലിടുക്കിലെ സുരക്ഷാ ക്രമീകരണങ്ങൾ തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയയിരുന്നതാണ്. എന്നാൽ, ഇത് അന്താരാഷ്ട്ര ജലപാതയാണെന്നും എല്ലാ കപ്പലുകൾക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ടെന്ന അമേരിക്കൻ നിലപാടും കപ്പലുകൾക്ക് സഞ്ചരിക്കാൻ പുതിയ പാത ഒരുക്കിയതുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
ആക്രമണങ്ങൾ ഇനിയും തുടർന്നാൽ ഇറാനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമേൽ പൂർണമായ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും, അവരുടെ വൈദ്യുത-ജല വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിനെക്കുറിച്ചും ട്രംപ് സൂചന നൽകിയിട്ടുണ്ട്. മാത്രമല്ല, ഇറാനിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
സമാധാനത്തിനായുള്ള ജൂണിലെ ധാരണാപത്രം അട്ടിമറിക്കപ്പെട്ടതോടെ, മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയും ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് പോലും ഭീഷണിയാകുന്ന രീതിയിൽ സ്ഥിതിഗതികൾ മാറുകയും ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

