Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധനവിലയും പണപ്പെരുപ്പവും വിധി നിർണയിക്കും; സെനറ്റ് പോരാട്ടത്തിൽ വിറച്ച് റിപ്പബ്ലിക്കൻ പാർട്ടി

text_fields
bookmark_border
Voters in the United States standing in queue to cast advance ballots at an early voting center.
cancel

വാഷിംഗ്ടൺ: ഇന്ധനം, മരുന്ന്, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ അമേരിക്കൻ ജനത വീർപ്പുമുട്ടുന്നതിനിടയിൽ, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല (മിഡ്‌ടേം) തെരഞ്ഞെടുപ്പിൽ റെക്കോർഡ് മുൻകൂർ വോട്ടിംഗ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിനകം 4.79 കോടിയിലധികം (47.9 ദശലക്ഷം) വോട്ടർമാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലയളവിന്റെ ശേഷിക്കുന്ന രണ്ട് വർഷങ്ങളിലെ നിർണായക സെനറ്റ് നിയന്ത്രണം ആർക്കെന്നതിൽ അതിശക്തമായ പോരാട്ടം നടക്കുന്ന സ്വിംഗ് സ്റ്റേറ്റുകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നത്. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, നേരത്തെ വോട്ട് രേഖപ്പെടുത്തിയ 84 ശതമാനം ആളുകളും ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ആശങ്കയായി ചൂണ്ടിക്കാണിച്ചത് രാജ്യത്തെ തകരുന്ന സമ്പദ്‌വ്യവസ്ഥയെയും ജീവിതച്ചെലവിനെയുമാണ്.

ഇന്ധനവില കുതിച്ചുയരുന്നു; ട്രംപിന്റെ നയങ്ങൾ തിരിച്ചടിയായെന്ന് സാമ്പത്തിക വിദഗ്ദ്ധർ

കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നിരുന്നു. യു.എസിൽ സെപ്റ്റംബർ മാസത്തിൽ മാത്രം പെട്രോൾ വിലയിൽ 9.1 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണുണ്ടായത്. പൊതുഗതാഗത സംവിധാനങ്ങളേക്കാൾ കാറുകളെ പൂർണമായി ആശ്രയിക്കുന്ന ഫ്ലോറിഡ പോലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഇത് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തുണ്ടായ പണപ്പെരുപ്പവും വിലക്കയറ്റവും കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയാണ് 2024-ൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയത്.

ഇറാനെതിരായ സൈനിക നീക്കവും അന്താരാഷ്ട്ര വ്യാപാര പങ്കാളികൾക്കുമേൽ ട്രംപ് ചുമത്തിയ അധിക താരിഫുകളുമാണ് നിലവിലെ പണപ്പെരുപ്പത്തിന് പ്രധാന കാരണമെന്ന് ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന വിദഗ്ദ്ധൻ വില്യം ഗാൽസ്റ്റൺ ചൂണ്ടിക്കാട്ടുന്നു. താൻ തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാനും അനാവശ്യ നികുതികൾ പിൻവലിക്കാനും ട്രംപിന് അധികാരമുണ്ടായിട്ടും അതിന് മുതിരുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

പോളിംഗിൽ സർവകാല റെക്കോർഡ്; ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം

യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയുടെ 'ഇലക്ഷൻ ലാബ്' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 47,922,669 പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. 2022-ലെ മിഡ്‌ടേം റെക്കോർഡായ 45.9 ദശലക്ഷം വോട്ടുകളാണ് ഇതോടെ മറികടന്നത്. ബുധനാഴ്ചയോടെ 60 ലക്ഷത്തിലധികം പേർ വോട്ട് ചെയ്തു; 2022-നേക്കാൾ 50 ശതമാനം വർദ്ധനവ്. നോർത്ത് കരോലിനയിൽ മുൻവർഷങ്ങളേക്കാൾ 37 ശതമാനവും സൗത്ത് കരോലിനയിൽ അഞ്ച് ദിവസം ബാക്കിനിൽക്കെ മുൻ തെരഞ്ഞെടുപ്പിലെ ആകെ മുൻകൂർ വോട്ടിംഗിനേക്കാൾ ഉയർന്ന പോളിംഗും രേഖപ്പെടുത്തി.

റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷൽ കടുത്ത മത്സരത്തെ നേരിടുന്ന കൻസാസിൽ 2022-നേക്കാൾ മൂന്നിൽ രണ്ട് അധികം വോട്ടുകൾ ഇതിനകം പോൾ ചെയ്തു. പാർട്ടി അനുഭാവം രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് വോട്ടർമാരാണ് വൻതോതിൽ വോട്ട് ചെയ്തത് (44 ശതമാനം). റിപ്പബ്ലിക്കൻ പാർട്ടി വോട്ടർമാർ 31 ശതമാനവും സ്വതന്ത്രർ 25 ശതമാനവുമാണ്. കറുത്തവർഗക്കാർ, ലാറ്റിൻ അമേരിക്കൻ വംശജർ, സ്ത്രീകൾ എന്നിവരുടെ പങ്കാളിത്തം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ജോർജിയയിൽ വോട്ട് ചെയ്തവരിൽ 56 ശതമാനവും സ്ത്രീകളാണ്. എന്നിരുന്നാലും തെരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ അനുകൂല വോട്ടർമാർ വൻതോതിൽ ബൂത്തുകളിലെത്താൻ സാധ്യതയുള്ളതിനാൽ ഫലം പ്രവചനാതീതമായി തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US Midterms: Record 47.9 Million Early Votes as Cost-of-Living Squeeze Rattles Voters
Next Story