യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ കാറ്റ് ഡെമോക്രാറ്റുകൾക്ക് അനുകൂലം; ട്രംപിന് സെനറ്റ് നഷ്ടപ്പെട്ടേക്കാമെന്ന് സർവേ
text_fieldsവാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ കാറ്റ് ഡെമോക്രാറ്റുകൾക്ക് അനുകൂലമെന്ന് സർവേ ഫലങ്ങൾ. നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പല റിപ്പബ്ലിക്കൻ കേന്ദ്രങ്ങളിലും ഡെമോക്രാറ്റുകൾ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. സെനറ്റ് നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചേക്കുമെന്നാണ് തെരഞ്ഞെടുപ്പിന്‍റെ തൊട്ടുമുമ്പുള്ള അവസാന മണിക്കൂറുകളിലെ ട്രൻഡ് സൂചിപ്പിക്കുന്നത്.
സെനറ്റിൽ റിപ്പബ്ലിക്കൻ ആധിപത്യമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി മുന്നിട്ടുനിൽക്കുന്നതായും മറ്റൊന്നിൽ നേരിയ മുൻതൂക്കം നിലനിർത്തുന്നതായും പുതിയ പോളിംഗ് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഡെമോക്രാറ്റുകൾ സെനറ്റ് പിടിച്ചെടുക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായും സർവേ ചണ്ടിക്കാട്ടുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്സിറ്റിയും പുറത്തുവിട്ട പുതിയ പോളുകൾ പ്രകാരം, ടെക്സാസ്, കാൻസസ്, മെയ്ൻ, ഒഹായോ, അലാസ്ക എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ മുന്നിലാണ്. ഐയോവയിലെ മത്സരം കടുത്ത പോരാട്ടമായി തുടരുന്നു.
നിലവിൽ ഡെമോക്രാറ്റിക് പാർട്ടി കൈവശം വച്ചിരിക്കുന്ന സെനറ്റ് സീറ്റായ മിഷിഗണിലും അവർ ലീഡ് ചെയ്യുന്നുണ്ട്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള വോട്ടർമാരുടെ അതൃപ്തിയും സമ്പത്തിക തകർച്ചയും ജീവിതച്ചെലവിനെയും കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളും വോട്ടർമാരെ ഡെമോക്രാറ്റുകൾക്ക് അനുകലമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.1988-ന് ശേഷം ഒരു ഡെമോക്രാറ്റിനെപ്പോലും സെനറ്റിലേക്ക് തെരഞ്ഞെടുത്തിട്ടില്ലാത്ത ടെക്സാസിലും, 1932-ന് ശേഷം തെരഞ്ഞെടുക്കാത്ത കാൻസസിലും ഡെമോക്രാറ്റുകൾ വൻ ലീഡ് നേടുന്നതായി ന്യൂയോർക്ക് ടൈംസ്/സിയേന സർവേകളിൽ കണ്ടെത്തി.
സെനറ്റ് ഭൂരിപക്ഷം നേടുന്നതിന്, ഡെമോക്രാറ്റുകൾക്ക് നിലവിൽ കൈവശമുള്ള എല്ലാ സീറ്റുകളും നിലനിർത്തുകയും റിപ്പബ്ലിക്കൻമാരുടെ കൈവശമുള്ള കുറഞ്ഞത് നാല് സീറ്റുകളെങ്കിലും പിടിച്ചെടുക്കുകയും വേണം. അവർ ജയിക്കേണ്ട പല സീറ്റുകളും റിപ്പബ്ലിക്കൻ കോട്ടകളിലായതിനാൽ ഇത് കടുത്ത വെല്ലുവിളിയായാണ്. നോർത്ത് കരോലിനയെ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവിടെ ഡെമോക്രാറ്റുകൾ മുന്നിലാണെന്ന് പോളുകൾ ദീർഘകാലമായി പ്രവചിക്കുന്നുണ്ട്. സർവേ നടത്തിയ ഏഴ് സംസ്ഥാനങ്ങളിലെ സാധ്യതാ വോട്ടർമാരിൽ 38 ശതമാനം പേർ മാത്രമാണ് പ്രസിഡന്റിന്റെ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തിയത്. വെറും രണ്ട് വർഷം മുമ്പ് ഈ ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചെണ്ണത്തിലും ട്രംപ് രണ്ടക്ക വ്യത്യാസത്തിൽ വിജയിച്ചിരുന്നു. പോളുകൾ കൃത്യമായാൽ ഡെമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കും.

