ട്രംപ് വെനിസ്വേലൻ എണ്ണ വിൽപ്പന ആരംഭിച്ചതായി യു.എസ് മാധ്യമങ്ങൾ
text_fieldsവാഷിങ്ടൺ: യു.എസ് സേന മദൂറോയെ അറസ്റ്റ് ചെയ്തതിനുശേഷം 500 മില്യൺ ഡോളർ വിലമതിക്കുന്ന വെനിസ്വേലൻ എണ്ണയുടെ ആദ്യ ഔദ്യോഗിക വിൽപന ആരംഭിച്ച് ഡോണൾഡ് ട്രംപ്. എണ്ണ മേഖലയിൽ കൈകാര്യകർതൃത്വത്തിന്റെ മാറ്റവും യു.എസ് നിക്ഷേപവും ട്രംപ് പ്രഖ്യാപിച്ചു.
ഔദ്യോഗികമായി വെനിസ്വേലൻ എണ്ണ വിൽപ്പന ആരംഭിച്ചതായും വരും ദിവസങ്ങളിൽ ഇടപാടുകൾ തുടരുമെന്നും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 500 മില്യൺ ഡോളർ വിലമതിക്കുന്ന ആദ്യത്തെ വെനിസ്വേലൻ എണ്ണ കരാർ പൂർത്തിയായതായി ബുധനാഴ്ച ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എൻ പുറത്തുവിട്ടിരുന്നു.
വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഊർജ ഉദ്യോഗസ്ഥർ ഭരണകൂടത്തിന്റെ വെനിസ്വേലൻ എണ്ണ പദ്ധതികളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. തുടർച്ചയായ സംഘർഷങ്ങൾക്കിടയിൽ വെനിസ്വേലയിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി എക്സിക്യൂട്ടിവുകൾ ശതകോടിക്കണക്കിന് നിക്ഷേപിക്കാൻ പ്രതിജ്ഞാബദ്ധരാകാതെ യോഗം വിടുകയും ചെയ്തു.
‘വെനിസ്വേലയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് അഭൂതപൂർവമായ നിക്ഷേപങ്ങൾ നടത്താൻ തയ്യാറുള്ള എണ്ണക്കമ്പനികളുമായി ട്രംപിന്റെ സംഘം തുടർച്ചയായ പോസിറ്റീവ് ചർച്ചകൾ നടത്തിവരികയാണ്’ എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ടെയ്‌ലർ റോജേഴ്‌സ് പറഞ്ഞു.
2026 ജനുവരി 3ന്, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് യു.എസ് സൈന്യം വെനിസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് തട്ടിക്കൊണ്ടുപോയിരുന്നു.
ഭരണമാറ്റത്തിന്റെ കാലയളവു വരെ യു.എസ് വെനിസ്വേലയുടെ മേൽനോട്ടം വഹിക്കുമെന്നും എണ്ണ മേഖലയിൽ നിക്ഷേപം നടത്താൻ കമ്പനികളെ അയക്കുമെന്നും ട്രംപ് പിന്നീട് പ്രഖ്യാപിച്ചു.
അഴിമതി നിറഞ്ഞ ഒരു സർക്കാറിനെ നയിച്ചു, മയക്കുമരുന്ന് കടത്തുകാരുമായി സഹകരിച്ചു തുടങ്ങിയ കുറ്റങ്ങൾ ന്യൂയോർക്കിൽ തന്റെ ആദ്യ കോടതി സെഷനിൽ മദൂറോ നിരസിക്കുകയും യുദ്ധത്തടവുകാരൻ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

