കാമുകിയെ കൊന്ന് കുഴിച്ചിടുന്നതിനിടെ കാമുകൻ കുഴഞ്ഞുവീണ് മരിച്ചു
text_fields'പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു. ഇപ്പോ കർമങ്ങൾക്ക് ഉടനടിയാണ്' എന്നൊരു നാടൻ ചൊല്ലുണ്ട്. അതിനെ അർത്ഥവത്താക്കുന്ന സംഭവമാണ് യു.എസിൽ ഉണ്ടായിരിക്കുന്നത്. കർമഫലം എന്ന് തീർത്തുപറയാൻ കഴിയുന്ന ഒരു സംഭവം. കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അമേരിക്കൻ പൗരൻ അവളുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്ന് 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്തു.
സൗത്ത് കരോലിനയിലെ എഡ്ജ്ഫീൽഡ് കൗണ്ടി പൊലീസ് ശനിയാഴ്ച ട്രെന്റൺ ടൗണിലെ തന്റെ വീടിന്റെ മുറ്റത്ത് 60 കാരനായ ജോസഫ് മക്കിന്നനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ, പുതുതായി കുഴിച്ച കുഴിയിൽ കുഴിച്ചിട്ട നിലയിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇയാളുടെ കാമുകിയായ പട്രീഷ്യ ഡെന്റ് (65) ന്റെ മൃതദേഹമായിരുന്നു ഇത്. കൃത്യമായ പരിശോധനകൾക്കൊടുവിലാണ് ഇയാൾ കാമുകിയെ കൊന്നതാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ജോസഫ് ഡെന്റിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുന്നതിനിടെ ജോസഫിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
പട്രീഷ്യ ഡെന്റിന്റെ ഇരട്ട സഹോദരി പമേല ബ്രിഗ്‌സിനെ ബന്ധപ്പെട്ടതിനെത്തുടർന്ന് പൂന്തോട്ടത്തിൽ പുതുതായി നികത്തിയ കുഴി പരിശോധിക്കാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. ഡെന്റ് ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒരു സഹപ്രവർത്തകൻ ബ്രിഗ്സിനെ വിളിച്ചിരുന്നു.
ആശങ്കാകുലനായ ബ്രിഗ്‌സ് 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുകയും കാണാതായ തന്റെ സഹോദരിയെക്കുറിച്ച് പൊലീസുകാരോട് പറയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് മക്കിന്നന്റെ മുറ്റത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

