1.35 കോടി രൂപ ചെലവിട്ട് യു.എസ് യുവാവ് അഞ്ച് ഇഞ്ച് ഉയരം കൂട്ടി
text_fieldsന്യൂയോർക്: അഞ്ച് ഇഞ്ച് ഉയരം കൂട്ടാൻ ഇരു കാലുകൾക്കും ശസ്ത്രക്രിയ നടത്താനായി മിനസോട്ടയിലെ യുവാവ് ചെലവഴിച്ചത് 1.35 കോടി രൂപ. അഞ്ചടി അഞ്ച് ഇഞ്ചായിരുന്നു മോസസ് ഗിബ്സൺ എന്ന 41കാരന്റെ ഉയരം. ധ്യാനവും യോഗയും വൈദ്യവുമടക്കം ഉയരം കൂട്ടാൻ മോസസ് ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പോലും ഉയരക്കുറവ് വില്ലനായപ്പോഴാണ് മോസസ് അറ്റകൈക്ക് ശ്രമിച്ചത്. പലപ്പോഴും ഹൈ ഹീൽ ഉള്ള ഷൂ ധരിച്ചായിരുന്നു മോസസ് പുറത്തിറങ്ങിയിരുന്നത്. ഇടക്ക് ഗുളികകളും കഴിച്ചു നോക്കി.
മൂന്നുവർഷം വേണ്ടി വന്നു ശസ്ത്രക്രിയ ഒരുവിധം പൂർത്തിയാകാൻ. ഇതിനുള്ള ചെലവ് കണ്ടെത്തിയത് സോഫ്റ്റ്വെയർ എൻജിനീയറായും ഉബർ ഡ്രൈവറായും ജോലി ചെയ്താണ്. 2016ലാണ് ശസ്ത്രക്രിയയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. 75000 ഡോളറാണ് ചെലവു വന്നത്. ആദ്യഘട്ടത്തിൽ തന്നെ മൂന്ന് ഇഞ്ച് ഉയരം വർധിച്ചത് ആത്മവിശ്വാസം കൂട്ടി.
ഇക്കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി. അതിന് 98000 ഡോളറാണ് ചെലവു വന്നത്. അപ്പോഴേക്കും നീളം രണ്ട് ഇഞ്ച് കൂടി വർധിച്ചു. ഇതോടെ അഞ്ചടി 10 ഇഞ്ചാണ് യുവാവിന്റെ ഉയരം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് മറ്റുള്ളവരോട് പ്രത്യേകിച്ച് സ്ത്രീകളോട് സംസാരിക്കാൻ പോലും ആത്മവിശ്വാസം ലഭിച്ചതെന്ന് മോസസ് പറഞ്ഞു. ഇപ്പോൾ തനിക്കൊരു ഗേൾഫ്രണ്ട് ഉണ്ടെന്നും മോസസ് കൂട്ടിച്ചേർത്തു. ഉയരം കൂട്ടാനായി ഒരു പാട് വേദനയനുഭവിച്ച് കുറച്ചധികം പണവും ചെലവഴിക്കേണ്ടി വന്നു. എന്നാൽ മോസസിന് അതിലൊട്ടും പശ്ചാത്താപമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

